തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ ജെന്‍സന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെന്‍സന്റെ മരണം ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് പകരം എന്ത് നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നല്‍കാന്‍ സാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ജെന്‍സനും ശ്രുതിയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. അകത്ത് കുടുങ്ങിയവരെ വാനിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജെന്‍സന്റെ തലയ്ക്ക് പുറത്തും ഉള്‍പ്പെടെ രക്തസ്രാവമുണ്ടായത് നില ഗുരുതരമാക്കി. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് ജെന്‍സന്റെ മരണം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. വയനാട് ദുരന്തത്തില്‍ ശ്രുതിക്ക് അമ്മ സബിത, അച്ഛന്‍ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോടായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു. വിവാഹം ഡിസംബറില്‍ തീരുമാനിച്ചിരിക്കെയാണ് ദുരന്തം ശ്രുതിയുടെ കുടുംബത്തെ കവര്‍ന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ലളിതമായി വിവാഹം നടത്താനിരിക്കെ ജെന്‍സനും മരണത്തിന് കീഴടങ്ങി. കാലിന് പരിക്കേറ്റ് ശ്രുതി നിലവില്‍ ചികിത്സയിലാണ്. ജെന്‍സന്റെ വിയോഗം ശ്രുതിയെ അറിയിച്ചിട്ടില്ല.