'അതിജീവിതയുടെ വീട്ടിലെത്തിയത് സി ഐ വിനോദ് തന്നെ'; കൈ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയെന്ന് സുഹൃത്ത്

സത്യം എവിടെയും പറയാൻ തയ്യാറാണെന്നും സുഹൃത്ത്

dot image

നിലമ്പൂർ: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ ലൈം​ഗിക പീഡന പരാതി നൽകിയ അതിജീവിതയുടെ വീട്ടിലെത്തിയത് സി ഐ വിനോദ് തന്നെയെന്ന് സുഹൃത്ത്. സി ഐ വിനോ​ദിനെ നേരിട്ട് കണ്ടതാണ്. അതിജീവിതയ്ക്ക് നീതി കിട്ടണമെന്നും സത്യം എവിടെയും പറയാൻ തയ്യാറാണെന്നും സുഹൃത്ത് റിപ്പോർട്ടറിനോട് പറഞ്ഞു.

താത്തയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വാതിലിൽ ആരോ മുട്ടിയത്. നോക്കിയപ്പോൾ സർ ആണെന്ന് പറഞ്ഞു. പിന്നെ അവർ രണ്ട് പേരും സംസാരിക്കുന്നുണ്ടായിരുന്നു. പിന്നാലെ പൊലീസ് ഉദ്യോ​ഗസ്ഥൻ താത്തയുടെ കൈ പിടിച്ചു വലിച്ച് റൂമിലേക്ക് കൊണ്ടുപോയി. പുറത്തിറങ്ങിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. വീടിന്റെ കാര്യം സംസാരിച്ചതാണ് എന്നായിരുന്നു മറുപടി. ഒരു മുറിയിൽ ഒരു ആണും പെണ്ണുമിരുന്നാൽ എന്തായിരിക്കും നടക്കുക എന്ന് എനിക്കും അറിയാമല്ലോ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വാതിൽ തുറന്ന് പോയി. എങ്ങനെയാണ് വന്നതെന്ന് ചോദിച്ചപ്പോൾ ബൈക്കിനാണ് എന്നാണ് പറഞ്ഞത്. അവിടെ ബൈക്കൊന്നും കണ്ടിരുന്നില്ല, അതിജീവിതയുടെ സുഹൃത്ത് പറയുന്നു.

ഇതിന് ശേഷമാണ് അതിജീവിത പൊലീസിൽ പരാതി നൽകുന്നത്. ആദ്യം പരാതി നൽകിയ സമയത്ത് മലപ്പുറത്തെ പൊലീസ് ഉദ്യോ​ഗസ്ഥരിൽ നിന്നും തനിക്ക് കോൾ ലഭിച്ചിരുന്നുവെന്നും പൊലീസിനോടും ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. പണത്തിന് വേണ്ടി കേസ് കൊടുത്തതാണെന്ന പൊലീസ് ആരോപണം തെറ്റാണെന്നും വ്യാജ പ്രചരണങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും സുഹൃത്ത് പറഞ്ഞു. വീട്ടിൽ പോയിട്ടേയില്ലെന്ന സിഐയുടെ വാദം തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പൊലീസിന്റെ അനധികൃത മൊഴിയെടുപ്പിനെ തുടർന്ന് അതിജീവിതയും മകനും താമസം മാറിയിരുന്നു. ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിപ്പെട്ട അതിജീവിതയുടെ പൊന്നാനിയിലെ വീട്ടിലാണ് പൊലീസെത്തി രാത്രി നിയമവിരുദ്ധമായി മൊഴി രേഖപ്പെടുത്തിയത്. മകനോടൊപ്പമാണ് അതിജീവിത താമസം മാറിയത്. നാട്ടുകാർക്ക് മുന്നിൽ തൻറെ സ്വകാര്യത ഇല്ലാതായെന്നും പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ മോശം ചോദ്യങ്ങൾ ചോദിച്ചുവെന്നും അതിജീവിത പറഞ്ഞു. വീഡിയോഗ്രാഫറും പുരുഷനായിരുന്നു. നാല് പൊലീസുദ്യോഗസ്ഥരും യൂണിഫോം ധരിച്ചാണ് എത്തിയതെന്നും അതിജീവിത റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image