പൊന്നാനിയിലെ ബലാത്സംഗ പരാതി; ഇടപെട്ട് ഹൈക്കോടതി; എസ്പി റിപ്പോര്‍ട്ട് നല്‍കണം

പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന് ഹൈക്കോടതി ചോദിച്ചു

dot image

കൊച്ചി: മലപ്പുറം പൊന്നാനിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. മലപ്പുറം എസ്പിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പരാതി ലഭിച്ചിട്ട് എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന് ഹൈക്കോടതി ചോദിച്ചു. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉടന്‍ കേസെടുക്കണമെന്നാണ് പുതിയ ക്രിമിനല്‍ നടപടി ക്രമമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. പൊന്നാനിയിലെ വീട്ടമ്മയുടെ ബലാത്സംഗ പരാതി അതീവഗൗരവതരമായാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.

വീട്ടമ്മയുടെ ബലാത്സംഗ പരാതിയില്‍ പൊന്നാനി പൊലീസിന്റെ പ്രാഥമിക അന്വേഷണം എവിടെവരെയായെന്നും ഹൈക്കോടതി ചോദിച്ചു.
ഏത് സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്നത്?. സ്വകാര്യ അന്യായവുമായി ബന്ധപ്പെട്ട് വീട്ടമ്മ കോടതിയില്‍ സമര്‍പ്പിച്ച പരാതി എന്തായെന്നും ഹൈക്കോടതി ചോദിച്ചു. മലപ്പുറം എസ്പി ഇക്കാര്യം കൂടി വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തുവെന്ന് പൊന്നാനി സ്വദേശിനിയായ വീട്ടമ്മ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. സ്വകാര്യ അന്യായവുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ചപ്പോള്‍ സിഐ വിനോദ് ബലാത്സംഗം ചെയ്തുവെന്ന് വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. പരാതി പിന്നീട് ഡിവൈഎസ്പി ബെന്നിയുടെ മുന്നിലെത്തി. ബെന്നിയും തന്നെ ചൂഷണം ചെയ്തു. ഒടുവില്‍ പരാതി കൈകാര്യം ചെയ്ത എസ്പി സുജിത് ദാസ് മോശമായി പെരുമാറിയെന്നും വീട്ടമ്മ ആരോപിച്ചിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ വീട്ടമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. എന്നാല്‍ കേസെടുക്കാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വീട്ടമ്മ പരാതി നല്‍കി. അവിടെയും നടപടിയുണ്ടാകാതെ വന്നതോടെ വീട്ടമ്മ പരാതിയുമായി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അതിന് ശേഷം പൊലീസ് പ്രാഥമിക അന്വേഷണം നടത്തുക മാത്രമാണ് ചെയ്തത്. കേസെടുക്കാന്‍ തയ്യാറാകാതെ വന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image