മലയാളം മിഷൻ പ്രവർത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണം: മന്ത്രി സജി ചെറിയാൻ

ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തുമില്ലാത്ത മാതൃകയാണ് മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു

dot image

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ വ്യക്തിത്വവികസനത്തിനും ഭാഷാപഠനത്തിനും നേതൃത്വം നൽകുന്ന മലയാളം മിഷന്റെ മാതൃകാപരമായ ഭാഷാപ്രവർത്തനം കേരളത്തിനുള്ളില്‍ വ്യാപിപ്പിക്കണമെന്ന് സാംസ്കാരിക കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ. നവ കേരള സൃഷ്ടിയുടെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് പ്രവാസ ലോകത്തിരുന്ന് മലയാളം മിഷനിലൂടെ മലയാള ഭാഷാ തുല്യത നേടിയ കുട്ടികളെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തുമില്ലാത്ത മാതൃകയാണ് മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മലയാള മിഷന്റെ പ്രഥമ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ സർട്ടിഫിക്കറ്റ് സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃനാട് ഏതെങ്കിലും ഒരു പ്രതിസന്ധി നേരിട്ടാൽ നാം ഒന്നാണ് എന്ന് വയനാട് ദുരന്തത്തിൽ മലയാളം മിഷനിലൂടെ പ്രവാസി കുട്ടികൾ 52 ലക്ഷം രൂപ സ്വരൂപിച്ചു കൊണ്ട് മഹത്തായ സന്ദേശം ലോകത്തിന് നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്ത് എവിടെപ്പോയാലും മലയാളികൾ ഉണ്ടാകുമെന്നും അവിടെയെല്ലാം അവർ നേതൃത്വം കൊടുക്കാത്ത സംരംഭങ്ങളില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

കോവളം ക്രാഫ്റ്റ് വില്ലേജിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ മലയാളം മിഷന്റെ ആദ്യ ചാപ്റ്ററുകളായ ചെന്നൈ, മുംബൈ, ഡൽഹി, ഗോവ, പുതുച്ചേരി, ബഹറൈൻ തുടങ്ങി ആറ് ചാപ്റ്ററുകളിൽ നിന്നുള്ള 150 വിദ്യാർഥികളാണ് നീലക്കുറിഞ്ഞി ഡിപ്ലോമ സമർപ്പണ ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ ഈ ചാപ്റ്ററുകളിൽ നിന്നുള്ള നീലക്കുറിഞ്ഞി അധ്യാപകരെയും ആദരിച്ചു.

വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച മലയാളം മിഷൻ ജീവനക്കാരെയും ചടങ്ങിൽ മന്ത്രി അനുമോദിച്ചു. സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ റാസൽഖൈമ ചാപ്റ്ററിൽ നിന്നുള്ള ഷിഫ്ന പി യ്ക്ക് മന്ത്രിയിൽ സമ്മാനം നൽകി.

ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട അധ്യക്ഷനായിരുന്നു. പ്രമുഖ സിനി ആർട്ടിസ്റ്റും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷ ആശംസകൾ അറിയിച്ചു. മലയാളം മിഷൻ രജിസ്ട്രാർ ഇൻ ചാർജ് സ്വാലിഹ എം വി സ്വാഗതവും കടലാസ് തോണി -ഗുരുമലയാളം സഹവാസ ക്യാമ്പ് ഡയറക്ടർ സാജു കെ നന്ദിയും പറഞ്ഞു. കൂടാതെ നടൻ നോബി മാർക്കോസ്, സംവിധായകൻ ആനന്ദ് മേനോൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us