കൊച്ചി: ഇരുപതോളം നടീ-നടന്മാർ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ ഫെഫ്കയെ സമീപിച്ച വാർത്ത നിരാകരിക്കാതെ താരങ്ങൾ. എന്നാൽ പരസ്യ പ്രതികരണത്തിന് ഇതുവരെ ആരും തയ്യാറായിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് എ എം എം എ ഭരണ സമിതി പിരിച്ചു വിട്ട സാഹചര്യത്തിൽ ട്രേഡ് യൂണിയൻ സ്വഭാവമുള്ള പുതിയ സംഘടന വരുന്നത് നല്ലതാണെന്ന് ചിന്തിക്കുന്നവരാണ് ഒരു വിഭാഗം. എന്നാൽ സംഘടനാ പ്രവർത്തനത്തിൽ വേണ്ടത്ര പരിചയമില്ലാത്തവർ ട്രേഡ് യൂണിയൻ സംഘടന രൂപീകരിക്കുന്നത് ശ്രമകരമായിരിക്കും എന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഇന്നലെയാണ് ഇരുപതോളം നടീനടന്മാർ ട്രേഡ് യൂണിയൻ ഉണ്ടാക്കുന്നതിനായി ഫെഫ്കയെ സമീപിച്ചത്. ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നും അംഗങ്ങളുടെ പേര് വിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നുമാണ് ഫെഫ്ക മറുപടി നല്‍കിയത്. ഇക്കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
'എഎംഎംഎയിലെ ചിലര്‍ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നെ വന്ന് കണ്ടു. ഇപ്പോഴുള്ള സംഘടന നിലനിര്‍ത്തികൊണ്ടുതന്നെ ട്രേഡ് യൂണിയന്‍ രൂപീകരിച്ചാല്‍ കൊള്ളാമെന്നുള്ള താല്‍പര്യമാണ് അവര്‍ പ്രകടിപ്പിച്ചത്', എന്നാണ് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് ഇന്നലെ പ്രതികരിച്ചത്.