'തെറ്റായി വ്യാഖ്യാനിക്കേണ്ട'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും ഇ പിയെ നീക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

dot image

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ പി ജയരാജൻ. കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്ന് ഇപി പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയം പിന്നെ ചർച്ച ചെയ്യാമെന്നും ഇ പി ജയരാജൻ പറഞ്ഞു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും ഇ പിയെ നീക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

'കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കാണാറുണ്ട് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. അദ്ദേഹം ഡൽഹിയിൽ വരുന്നുണ്ടെങ്കിൽ പരസ്പരം കണ്ടിട്ടേ മടങ്ങാറുള്ളൂ. ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അം​ഗങ്ങളാണ്. ഞങ്ങളെല്ലാം തമ്മിൽ സ്നേഹവും ആദരവുമുണ്ട്. ഇന്നത്തെ പ്രശ്നവും ചർച്ചയും യെച്ചൂരിയുടെ വിടവാങ്ങലാണ്. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പിന്നീട് സംസാരിക്കാം,' ഇ പി ജയരാജൻ പറഞ്ഞു.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ദല്ലാൾ നന്ദകുമാറുമായുള്ള കൂടിക്കാഴ്ചയും തുടർന്നുള്ള വിവാദങ്ങൾക്കും പിന്നാലെയാണ് ഇ പി ജയരാജൻ എൽഡിഎഫ് കണവീനർ സ്ഥാനത്തുനിന്നും രാജിവെക്കാൻ സന്നദ്ധത അറിയിച്ചത്. ഇ പി ജയരാജന്റെ പ്രകൃതം എല്ലാവർക്കും അറിയാമല്ലോ. എല്ലാവരുമായും കൂട്ടുകൂടുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചത്. നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. പാപിയുമായി ശിവൻ കൂട്ടുകൂടിയാൽ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളിൽ ജാ​ഗ്രത പുലർത്തണം. ഉറങ്ങിയെഴുന്നേറ്റാൽ ആരെ പറ്റിക്കുമെന്ന് ചിന്തിക്കുന്നവരുണ്ട്. അത്തരക്കാരമായുള്ള ലോഹ്യം സൗഹൃദം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇ പി ജയരാജൻഇത്തരം കാര്യങ്ങളിൽ ജാ​ഗ്രത പുലർത്താറില്ലെന്ന് നേരത്തെയുള്ള അനുഭവമാണ്, എന്നായിരുന്നു ജാവദേക്കറുമായുള്ള ഇ പിയുടെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ നേതാവ് ഇ പി ജയരാജൻ ആണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചർച്ചയും പൂർത്തിയാക്കിയിരുന്നുവെന്നും എന്നാൽ അവസാന നിമിഷം പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.

അതേസമയം അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും. നിലവിൽ വസന്ത്കുഞ്ചിലെ യെച്ചൂരിയുടെ വസതിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 11 മണിയോടെ എകെജി ഭവനിൽ എത്തിക്കും. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിച്ചേക്കും. വൈകീട്ട് മൂന്ന് മണി വരെയാണ് എകെജി ഭവനിൽ പൊതുദർശനം. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം. 72 വയസായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us