തിരുവനന്തപുരം: വണ്ടൂരിൽ മരിച്ച യുവാവിന് നിപാബാധ സംശയിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനൊരുങ്ങി സർക്കാർ. ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും. വിദഗ്ധ സംഘം നിലമ്പൂരിൽ എത്തി. നാളെ രാവിലെ പൂനൈ ലാബിലെ ഫലം ലഭിക്കും, നിപ കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്വകാര്യാശുപത്രിയിൽ വെച്ച് യുവാവ് മരിച്ചത് നിപാബാധ മൂലമെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ച് നിപ ലക്ഷണങ്ങളോടെ മരിച്ചത്.
കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുനെ വൈറോളജി ലാബിലേക്ക് സാംപിൾ അയച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാകൂ. യുവാവിന്റെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ബംഗളുരുവിൽ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്. യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. യുവാവിന് ഛർദ്ധിയും മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരിന്നു. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.