മലപ്പുറത്ത് നിപ മരണം ; തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ്‌ സോൺ

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

dot image

മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ വി ആർ വിനോദ്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചതോടെയാണ് ഈ പ്രദേശങ്ങള്‍ കണ്ടെയ്ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതതലയോഗം ചേർന്നിരുന്നു. പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പ്രോട്ടോകോൾ പ്രകാരമുള്ള 16 കമ്മിറ്റികൾ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു.

ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരൻ. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. 4 സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണുബാധ സാധ്യതയുള്ള എല്ലാവരെയും കോൺടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

സെപ്റ്റംബർ ഒമ്പതിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ വച്ച് 24 കാരൻ മരണപ്പെടുന്നത്. പനി ബാധിച്ച യുവാവില്‍ നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് സെപ്റ്റംബർ അഞ്ചിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us