മലപ്പുറം: നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയം തുടരുന്നതിനിടെ സമ്പർക്ക പട്ടിക വിപുലീകരിച്ച് ആരോഗ്യ വകുപ്പ്. 151 പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. നേരത്തെ 26 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരുന്നത്. രണ്ടുപേർക്ക് രോഗലക്ഷണം കണ്ടെത്തിയതോടെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകൾ നിപ പരിശോധനയ്ക്ക് അയയ്ക്കും. ഇതിനിടെ തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി.
ബെംഗളൂരുവിൽ നിന്ന് കാലിന് പരിക്കേറ്റതിനെ തുടർന്ന് ആയുർവേദ ചികിത്സയ്ക്കായാണ് 23 കാരനായ യുവാവ് നാട്ടിലെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇയാൾക്ക് നിപയെന്ന് കണ്ടെത്തിയത്. ഇതോടെ സ്രവം പൂനെയിലെ നാഷണൽ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് ഫലം പുറത്തുവരും. സെപ്റ്റംബർ ഒമ്പതിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചത്.
പനി ബാധിച്ച യുവാവില്‍ നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സെപ്റ്റംബർ അഞ്ചിനാണ് പെരിന്തൽ മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.