തിരുവനന്തപുരം: മലയാളികള്‍ക്ക് ഓണാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏത് ഭൂഖണ്ഡത്തിലും മലയാളികളെ ഒരുമിപ്പിക്കുന്ന ആഘോഷമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആ ഓണക്കാലം മലയാളി മനസുകളില്‍ വീണ്ടും പൂക്കാലം വിരിയിക്കുകയാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു.
'മലയാളികള്‍ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ജനതയാണ്. ഏതു ഭൂഖണ്ഡത്തിലും അവരെ ഒരുമിപ്പിക്കാന്‍ ഓണമുണ്ട്. നീതിമാനായ മാവേലിയുടെ കഥയുണ്ട്. എല്ലാരുമൊന്നുപോലെ ജീവിച്ച ഒരു നല്ല കാലത്തിന്റെ മിത്തുണ്ട്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആ ഓണക്കാലം മലയാളി മനസുകളില്‍ വീണ്ടും പൂക്കാലം വിരിയിക്കുകയാണ്. ആസുരവും ആശയറ്റതുമായ ഇന്നിനപ്പുറം നീതിയുടെയും നന്മയുടെയും ആ കാലം മലയാളികളിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ ഓണാശംസകള്‍,' ചെന്നിത്തല കുറിച്ചു.
പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കില്‍ പോലും ആഹ്ളാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങളെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നതെന്നും അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകള്‍ നേര്‍ന്നു. മുന്‍പെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു.
'ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കാന്‍ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കല്‍പ്പം പ്രചോദനമാവട്ടെ,' മുഖ്യമന്ത്രി ആശംസിച്ചു.