കണ്ണൂര്‍: വയനാട് ദുരന്തത്തെ പശ്ചാത്തലമാക്കി ഓണപ്പൂക്കളമൊരുക്കി കണ്ണൂര്‍ കളക്ട്രേറ്റ്. ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന്, അട്ടമല വനത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ആദിവാസി കുടുംബത്തെ രക്ഷിച്ച നാല് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. അതില്‍ കുട്ടിയെ ചേര്‍ത്ത് നിര്‍ത്തിയ ഒരു വനവകുപ്പ് ഉദ്യോഗസ്ഥന്റെ ചിത്രത്തിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചിരുന്നു. പ്രസ്തുത ചിത്രമാണ് ഇന്ന് കണ്ണൂര്‍ കളക്ട്രേറ്റ് ഓണപ്പൂക്കളത്തില്‍ ഒരുക്കിയിരിക്കുന്നത്.
'ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന്, അട്ടമല വനത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ആദിവാസി കുടുംബത്തെ രക്ഷിക്കാനുള്ള ധീരമായ ദൗത്യവുമായി നാല് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം മല കയറി. നാല് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം അപകടകരമായ ഒരു മലയിടുക്കിന് മുകളിലുള്ള ഒരു ഗുഹയില്‍ അഭയം പ്രാപിക്കുന്നതായി കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന ബെഡ് ഷീറ്റ് കീറി കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദേഹത്ത് ചേര്‍ത്ത് ഉറപ്പിച്ചു മല ഇറങ്ങി. ഹൃദയസ്പര്‍ശിയായ ആ ചിത്രമാണ് കണ്ണൂര്‍ കലക്ടറേറ്റില്‍ ഓണപ്പൂക്കളത്തിന് പ്രമേയമായി ഉപയോഗിച്ചത്. ഇത്തവണ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ണൂര്‍ കളക്ടറേറ്റില്‍ വലിയ ആഘോഷങ്ങളൊന്നും ഉണ്ടായില്ല. വയനാട് ജില്ലയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈ പൂക്കളം തയ്യാറാക്കി പ്രതീകാത്മകമായാണ് ഓണം ആഘോഷിച്ചത്,' കണ്ണൂര്‍ കലക്ട്രേറ്റ് അറിയിച്ചു.