മാസങ്ങളായി വെള്ളമില്ല; ആറ് ദിവസം തുടര്‍ച്ചയായി വിതരണം മുടങ്ങി, തലസ്ഥാനത്ത് വീണ്ടും പ്രതിസന്ധി

മുഖ്യമന്ത്രിയെയും ജല വകുപ്പ് മന്ത്രിയെയും ഇമെയില്‍ മുഖാന്തരം പ്രശ്നം അറിയിച്ചെങ്കിലും മറുപടിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കുടിവെള്ള പ്രതിസന്ധി. വഞ്ചിയൂര്‍ 82ാം വാര്‍ഡിലാണ് തുടര്‍ച്ചയായി ആറ് ദിവസമായി ജല വിതരണം മുടങ്ങിയത്. ഋഷിമംഗലം റസിഡന്‍സ് അസോസിയേഷനിലാണ് ജല പ്രതിസന്ധിയുണ്ടായത്. അസോസിയേഷനില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റിയെ അറിയിച്ചിട്ടും പരിഹാരമില്ലെന്ന് അസോസിയേഷന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

നേരത്തെയുണ്ടായ ജല പ്രതിസന്ധിക്ക് ശേഷം രണ്ട് ദിവസം അസോസിയേഷനില്‍ വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ വീണ്ടും ജല വിതരണം മുടങ്ങുകയായിരുന്നു. ജല അതോറിറ്റിയെയും വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിനെയും പ്രശ്‌നം അറിയിച്ച് വിളിച്ചിരുന്നെങ്കിലും ഒരു പ്രതികരണവുമില്ലെന്ന് അസോസിയേഷനിലെ താമസക്കാര്‍ പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിയും ജല വകുപ്പും പരസ്പരം പഴിചാരുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. വെള്ളത്തിന് വേണ്ടി കണക്ഷന്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏത് വകുപ്പാണ് കണക്ഷന്‍ അനുവദിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

Also Read:

നേരത്തെ തന്നെ ജല പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും സ്മാര്‍ട് സിറ്റി വന്നതിന് ശേഷം അത് രൂക്ഷമാകുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പല അതോറിറ്റിയെയും വിളിച്ചിരുന്നെങ്കിലും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു. അസോസിയേഷനിലുണ്ടായിരുന്ന ഹോസ്റ്റലില്‍ താമസിക്കുന്ന അന്തേവാസികള്‍ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി.

300ന് മുകളില്‍ വീടുകളുള്ള അസോസിയേഷനില്‍ നിലവില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് വെള്ളം വാങ്ങുന്നത്. 2000 ലിറ്ററിന് 1325 രൂപ നല്‍കിയാണ് വെള്ളം വാങ്ങിക്കൊണ്ടിരിക്കുന്നത്. അസോസിയേഷന്റെ മുകള്‍ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് 10 മാസമായി കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

Also Read:

വെള്ളയമ്പലം ടാങ്ക് ക്ലീന്‍ ചെയ്യാനായിട്ട് നാല് ദിവസം വെള്ളമുണ്ടാകില്ലെന്ന് അറിയിച്ചതിന് ശേഷം ഇതുവരെ വെള്ളം വന്നിട്ടില്ല. ഇക്കാര്യം അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍, കൗണ്‍സിലര്‍ എന്നിവരോട് സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയെയും ജല വകുപ്പ് മന്ത്രിയെയും ഇമെയില്‍ മുഖാന്തരം പ്രശ്നം അറിയിച്ചെങ്കിലും മറുപടിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us