തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വകുപ്പില്‍ അര്‍ഹനായ ആദിവാസി യുവാവിന് നിയമനം ലഭിച്ചു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അര്‍ഹനായ വ്യക്തിക്ക് നിയമനം ലഭിച്ചത്. അര്‍ഹതയില്ലാത്ത, സിപിഐഎം പാര്‍ട്ടി കത്തുമായി വന്ന സുകന്ദവേലുവിനെയായിരുന്നു ജൂനിയര്‍ സയന്റിസ്റ്റായി നിയമിച്ചത്. എന്നാല്‍ കഴിഞ്ഞ നവംബറില്‍ വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടു.
സിപിഐഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയുടെ കത്തുമായി സംസ്ഥാന സെക്രട്ടറിയെ സമീപിച്ച സുകന്ദവേലുവിനെ സംവരണ ചട്ടങ്ങള്‍ അടക്കം ലംഘിച്ചായിരുന്നു നിയമിച്ചത്. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ സയിന്റിസ്റ്റ് ആയിട്ടായിരുന്നു ഇയാളുടെ നിയമനം. എന്നാല്‍ ഒബിസി സംവരണം ലംഘിച്ചതിനെ തുടര്‍ന്ന് അര്‍ഹതയുള്ള ആദിവാസി യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സുകന്ദവേലുവിനെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്നിട്ടും സുകന്ദവേലുവിനെ പുറത്താക്കിയിരുന്നില്ല. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നിയമനം റദ്ദാക്കിയത്. ആദിവാസി യുവാവിനെ നിയമിച്ചതും വാര്‍ത്തയ്ക്ക് പിന്നാലെയാണ്. 2018 ഏപ്രിലിലാണ് ശാസ്ത്ര സാങ്കേതിക വകുപ്പിലെ ജൂനിയര്‍ സയന്റിസ്റ്റ് തസ്തികയിലേക്ക് ഒഴിവുകള്‍ വിളിക്കുന്നത്. തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ സുകന്ദവേലുവിന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പിന്നാലെ 2022 മാര്‍ച്ചില്‍ പാര്‍ട്ടി കത്തുമായി സുകന്ദവേലു അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമീപിക്കുകയായിരുന്നു.
'ഈ കത്തുമായി വരുന്ന സഖാവിന് യോഗ്യതയുണ്ടെങ്കില്‍ ജോലി നല്‍കണ'മെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതു പ്രകാരമാണ് യോഗ്യതയില്ലാത്ത സുകന്ദവേലുവിന് തൊഴില്‍ നല്‍കിയത്. തമിഴ്‌നാട് ഒബിസിക്കാരനായ സുകന്ദവേല്‍ കേരളത്തിലെ ഒബിസിക്കാരനാണെന്ന് പറഞ്ഞായിരുന്നു സംവരണം അട്ടിമറിച്ചത്. പ്രായ പരിധിയും ലംഘിച്ചാണ് നിയമനം നേടിയത്. ശാസ്ത്ര സാങ്കേതിക വകുപ്പില്‍ അനധികൃത നിയമനങ്ങള്‍ നിരവധിയാണ്.