നിപ: പുതിയ സമ്പർക്കപട്ടിക പുറത്ത്; നിലവിലുള്ളത് 255 പേർ; 128 പേർ ഹൈറിസ്ക് കാറ്റ​ഗറിയിൽ; 77 ആരോ​ഗ്യപ്രവർത്തകർ

നിപ രോ​ഗലക്ഷണങ്ങളോടെ നാല് പേരെ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

dot image

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ പുതിയ സമ്പർക്ക പട്ടിക പുറത്ത്. 80 പേര്‍ പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെ ആകെ സമ്പർക്കപട്ടികയിലുള്ളവരുടെ എണ്ണം 255 ആയി. ഇതിൽ 77 പേർ ആരോ​ഗ്യപ്രവർത്തകരാണ്. 171 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 84 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. 128 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. നിപ രോ​ഗലക്ഷണങ്ങളോടെ നാല് പേരെ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിട്ടുണ്ട്. ഇതോടെ ആകെ 16 ഫലങ്ങളാണ് നെഗറ്റീവായത്.

Also Read:

രോഗവ്യാപനത്തിന് സാധ്യത കുറവാണ്. എങ്കിലും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആ​രോ​ഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. രോഗലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. കർണാടക സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും വീണ ജോർജ് പറഞ്ഞു. കേരളത്തിന് എയിംസ് വേണമെന്ന് നേരിട്ട് ആവശ്യപ്പെട്ടു. പോസിറ്റീവ് ആയ മറുപടിയാണ് നൽകിയത്. സ്ഥലം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പം ഇല്ലെന്നും കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ജാ​ഗ്രത നിർദേശം നൽകിയേക്കും. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ട്യൂഷൻ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവാവിന്റെ റൂട്ട് മാപ്പും ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു.

Also Read:

അതേസമയം നിപ ഭീതി നിലനിൽക്കെ ജില്ലയിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനിയും തൊലിയിൽ ചിക്കൻപോക്സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. യുവാവിന്റെ ശ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us