തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്ലാം പരാമർശത്തിൽ വിവാദം ശക്തമാകുന്നതിനിടെ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് എ വിജയരാഘവൻ. പി ജയരാജന്റെ പുസ്തകത്തിന് താൻ ആണ് മുഖപ്രസംഗം എഴുതിയത്. പുസ്തകത്തെ പരിചയപ്പെടുത്തി ഒരു കുറിപ്പ് അതിൽ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ചിലവ് സംബന്ധിച്ച വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും എ വിജയരാഘവൻ പറഞ്ഞു. വാർത്ത കൊടുക്കുമ്പോൾ ശ്രദ്ധിക്കണം. നിർമിത വാർത്തയാകരുത്. ഇത് അർഹമായ വിഹിതം കേന്ദ്ര സർക്കാർ തരാതിരിക്കുന്നതിന് കാരണമാകും. ഇത്രയും വലിയ ദുരന്തത്തിന്റെ പശ്ചാതലത്തിൽ യാതൊരുവിധ സഹായവും കേന്ദ്രം ഇതുവരെ ചെയ്തിട്ടില്ല. ചില മാധ്യമങ്ങൾ നിർമിച്ച തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്നായിരുന്നു സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പരാമർശം. യുവാക്കൾ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു. ചെറുപ്പക്കാരിൽ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നുവെന്നും പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള യുവാക്കൾ മതഭീകരവാദ സംഘടനയുട ഭാഗമായിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു. അടുത്ത മാസം പുറത്തിറങ്ങുന്ന 'മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയരാജന്റെ പരാമർശം.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ ചിലവായ തുക സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. 359 മൃതദേഹങ്ങൾ സംസ്‌കരിക്കാൻ 2,76,00000 രൂപ ചെലവായെന്ന് സർക്കാർ ഹൈക്കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. വളരെ കൃത്യമായി ദുരന്ത നിവാരണ നിയമപ്രകാരം കണക്കാക്കിയതാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപയാണ് കണക്കാക്കുന്നത്. ചൂരൽമലയിൽ സ്ഥാപിച്ച ബെയ്‌ലിപ്പാലത്തിന് ഒരു കോടി രൂപയാണ് ചെലവായത്. ബെയ്‌ലി പാലത്തിനടിയിൽ കല്ലുകൾ പാകിയതിന് ഒരു കോടി രൂപയായി. വളണ്ടിയർമാരുടെ കിറ്റിന് 2,98,00000, വളണ്ടിയർമാരുടെ ഗതാഗതത്തിന് നാല് കോടി രൂപ, വളണ്ടിയർമാരുടെ ഭക്ഷണത്തിന് 10 കോടി രൂപ, വളണ്ടിയർമാരുടെ താമസ സൗകര്യത്തിന് 15 കോടി രൂപ എന്നിവയാണ് ഉരുൾപ്പൊട്ടലിൽ വയനാടിന് കൈത്താങ്ങായ വളണ്ടിയർമാരുടെ വിവിധ ആവശ്യങ്ങൾക്കായി ചെലവായ തുകയായി രേഖപ്പെടുത്തിയത്.
ദുരിതാശ്വാസ കണക്കുകൾ സംബന്ധിച്ച് വിമർശനങ്ങൾ ശക്തമായതോടെ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് തെറ്റായി അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.