ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിസ്താരം വൈകുന്നതിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഏഴര വർഷമായി വിചാരണത്തടവുകാരനായി കഴിയുന്ന ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിമർശനം. ഒരാൾ എത്രതവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്.
90 ദിവസത്തിലധികം ഉദ്യോഗസ്ഥനെ വിസ്തരിച്ചോയെന്നും എങ്ങനെയാണ് വിചാരണ മുന്നോട്ട് പോകുന്നതെന്നും കോടതി ചോദിച്ചു. പള്‍സര്‍ സുനി സമൂഹത്തിന് ഭീഷണിയെന്ന് സര്‍ക്കാര്‍ വാദിച്ചു. അന്തിമ വാദത്തിന് എത്ര ദിവസമെടുക്കുമെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. എന്തുകൊണ്ടാണ് വിചാരണ അവസാനിക്കാത്തതെന്നും കോടതി ചോദിച്ചു.
എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ നീട്ടുന്നുവെന്നാണ് സര്‍ക്കാര്‍ നൽകുന്ന മറുപടി. എട്ടാംപ്രതിയുടെ അഭിഭാഷകന്‍ ദീര്‍ഘമായി വിസ്തരിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ കോടതി ഈ രീതിയിൽ എങ്ങനെ മുന്നോട്ട് പോകാനാകുമെന്നും ചോദിച്ചു. വിചാരണ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പൾസർ സുനിക്ക് ജാമ്യം നൽകിയതോടെ നടിയെ ആക്രമിച്ച കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു.
പള്‍സര്‍ സുനി നിരവധി കേസുകളിലെ പ്രതിയെന്നും പള്‍സര്‍ സുനി സമൂഹത്തിന് ഭീഷണിയെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ പള്‍സര്‍ സുനിക്ക് മേല്‍ കര്‍ശന ഉപാധി വയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ ഹാജരാക്കണം. ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.
എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകനാണ് വാദം നീട്ടുന്നതെന്നും പ്രൊസിക്യൂഷന്‍ പട്ടിക സഹിതം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കഥകളാണ് എട്ടാംപ്രതി ദിലീപ് മെനയുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിസ്താരം ആവര്‍ത്തിച്ചും ദീര്‍ഘിപ്പിച്ചും തെളിവുകള്‍ക്കെതിരെ കഥകള്‍ മെനയുകയാണ് ദിലീപിന്റെ അഭിഭാഷകന്‍ എന്നുമാണ് സര്‍ക്കാരിന്റെ വാദം. അന്തിമ വാദത്തിനായി മാത്രം ഒരുമാസം വേണ്ടിവരുമെന്നുമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി ബൈജു പൗലോസിനെ സുദീർഘമായി വിസ്തരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 109 ദിവസമാണ് ബൈജു പൗലോസിനെ വിസ്തരിച്ചത്. ഇതിൽ 90 ദിവസവും വിസ്തരിച്ചത് പ്രതി ദിലീപിൻറെ അഭിഭാഷകരാണ്. അതിജീവിതയെ ഏഴുദിവസം തുടർച്ചയായി വിസ്തരിച്ച കാര്യവും സത്യവാങ്മൂലത്തിൽ സർക്കാർ ഓർമിപ്പിക്കുന്നുണ്ട്. പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ 35 ദിവസമാണ് വിസ്തരിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥരെ 20 ദിവസവും ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു. അനാവശ്യമായി ദിലീപിൻ്റെ അഭിഭാഷകർ വിസ്താരം നീട്ടിക്കൊണ്ടുപോകുന്നു എന്ന പരാതി നേരത്തെയും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷൻ തെളിവുകൾ ദുർബലമാക്കാനാണ് ദിലീപിന്റെ അഭിഭാഷകർ ശ്രമിക്കുന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസമാണ് ബൈജു പൗലോസിൻ്റെ വിസ്താരം പൂർത്തിയായത്.