സിനിമാ സംഘടന രൂപീകരിക്കുന്നത് സ്ഥീരികരിച്ച് ആഷിഖ് അബു, ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മെമ്പർഷിപ് ക്യാമ്പയിൻ

സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, കമൽ കെഎം, അജയൻ അടാട്ട് എന്നിവരുടെ പേരിലാണ് വാർത്താ കുറിപ്പ് പുറത്തുവിട്ടത്.

dot image

മലയാള സിനിമാ രംഗത്ത് പുതിയ സംഘടന രൂപീകരിക്കുമെന്നത് സ്ഥിരീകരിച്ച് സംവിധായകൻ ആഷിഖ് അബു. പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്ത് അനൗദ്യോഗികമായി ചോർന്നതാണെന്നും ആഷിഖ് അബു വ്യക്തമാക്കി.

സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാപ്രവർത്തകർ ചർച്ച ചെയ്തിരുന്നെന്നും ഇതിന്റെ ഭാഗമായിട്ടാണ് പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേർസ് അസോസിയേഷൻ എന്ന ആശയം ആരംഭിച്ചതെന്നും സംഘടനയുടെ താൽക്കാലിക കമ്മിറ്റിയുടെ പേരിൽ ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, കമൽ കെഎം, അജയൻ അടാട്ട് എന്നിവരുടെ പേരിലാണ് വാർത്താ കുറിപ്പ് പുറത്തുവിട്ടത്. സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കുമെന്നും നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെ ഫിലിംമേക്കേഴ്‌സ് ആണെന്നതാണ് കാഴ്ചപ്പാടെന്നും വാർത്താകുറിപ്പിൽ പറയുന്നു.

സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണ സമിതിയിൽ പ്രാതിനിധ്യം ഉണ്ടാകും. സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കുമെന്നും അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും എന്നും കുറിപ്പില്‍ വ്യക്തമാക്കി.

സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കും. വാർത്തകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ, സംഘടനയുടെ ആലോചനാഘട്ടത്തിൽ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്.

പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത 'സംഘടനയിൽ' 'ഭാരവാഹികൾ' എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിലാണ് ഈ അറിയിപ്പെന്നും താൽക്കാലിക കമ്മിറ്റി വ്യക്തമാക്കി.

നേരത്തെ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോൻ, ബിനീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘടന രൂപീകരിക്കുന്നതായിട്ടായിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ നിലവിൽ താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ ഇല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു.

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും അറിയിച്ചിരുന്നു. ഇതോടെയാണ് താൽക്കാലിക കമ്മറ്റിയുടെ പേരിൽ ഔദ്യോഗിക വിശദീകരണം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർക്ക് നേരെ വരെ ആരോപണങ്ങൾ ഉയർന്നതോടെ പുതിയ സംഘടന വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us