പള്‍സര്‍ സുനി പുറത്തേയ്ക്ക്; നാളെ ജയില്‍ മോചിതനാകും

കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് സുനിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്

dot image

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് സുനിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കേസില്‍ ഇന്നലെയാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്തിമവാദം കേള്‍ക്കാന്‍ ഇരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്. ഇതിന് പുറമേ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

പള്‍സര്‍ സുനി കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ ജാമ്യം തേടി പത്ത് തവണയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് തവണ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ തുടര്‍ച്ചയായി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതിന് ഹൈക്കോടതി പള്‍സര്‍ സുനിക്ക് 25000 രൂപ പിഴ വിധിച്ചിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്ത് സഹായിക്കാന്‍ പള്‍സര്‍ സുനിക്ക് പിന്നില്‍ ആരോ ഉണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us