പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കം. 50 പള്ളിയോടങ്ങളുമായാണ് ജലഘോഷയാത്രയ്ക്ക് തുടക്കമായത്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി നടത്തുന്നത്. രാവിലെ ഒമ്പതരയ്ക്ക് കളക്ടർ പതാക ഉയർത്തിയതോടെ ജലമേളയ്ക്ക് തുടക്കമായി.
ജലഘോഷയാത്രയ്ക്ക് പിന്നാലെ മത്സര വള്ളംകളിയും നടക്കും. സമയാധിഷ്ടിതമായാണ് ഇക്കുറി മത്സരം. ഫിനിഷിങ് പോയിൻറായ സത്രക്കടവിൽ ഓരോ വള്ളവും കുതിച്ചെത്തുന്ന സമയം രേഖപ്പെടുത്തും. ചുരുങ്ങിയ സമയത്തിൽ തുഴഞ്ഞെത്തിയ നാല് പള്ളിയോടങ്ങൾ ഫൈനലിൽ പ്രവേശിക്കും.
അതേസമയം വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലുളള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 18ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.