തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകര്‍ത്തി സഞ്ചാരികളുടെ ശ്രദ്ധനേടി കേരള ടൂറിസത്തിന്റെ 'എന്റെ കേരളം എന്നും സുന്ദരം' എന്ന വീഡിയോ. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള 'എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ തനത് കലകളും ആചാരങ്ങളും ആഘോഷങ്ങളും നാടന്‍ ഭക്ഷണവുമെല്ലം വീഡിയോയുടെ ഭാഗമാണ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്ന കേരളനാടിന്റെ ഒത്തൊരുമ വീഡിയോ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് വീഡിയോ പുറത്തിറക്കിയത്.
'മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..' എന്ന വരിയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. 2.24 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കായലും കടലും മലയോരങ്ങളുമടങ്ങിയ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുമാണ് ദൃശ്യവിരുന്ന്. ഏതു കാലാവസ്ഥയ്ക്കുമിണങ്ങിയ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്റെ സവിശേഷത വിളിച്ചോതി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് വീഡിയോയുള്ള ഉള്ളടക്കം. കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ടുള്ളതാണ് ഈ വീഡിയോ. കേരള ടൂറിസത്തിന്റെ യൂട്യൂബ് പേജ് ഉള്‍പ്പെടെയുള്ളവയില്‍ വീഡിയോ ലഭ്യമാണ്.
കായല്‍ഭംഗിയിലൂടെ ശാന്തമായി ഒഴുകുന്ന ഹൗസ് ബോട്ട്, ഓളത്തിമിര്‍പ്പേറ്റി മുന്നോട്ടുപായുന്ന ചുണ്ടന്‍വള്ളങ്ങള്‍, ഗ്രാമപ്രകൃതിയിലൂടെ ചുവടുവച്ചു നീങ്ങുന്ന നാടന്‍കലാ രൂപങ്ങളിലെ മിഴിവ്, കാവുകളിലെ തെയ്യക്കോലങ്ങള്‍, തൃശ്ശൂര്‍ പൂരത്തിലെ കുടമാറ്റം, പുലികളി, കളരിപ്പയറ്റ് തുടങ്ങി കേരളനാടിന്റെ സവിശേഷതകളെല്ലം തെളിമയോടെ വീഡിയോയില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ട്. അതിസുന്ദരമായ കടല്‍ത്തീരങ്ങള്‍, കുട്ടനാടിന്റെ കായല്‍സൗന്ദര്യം, ഹൈറേഞ്ചിന്റെ മോഹിപ്പിക്കുന്ന ഭംഗി, അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം, ജഡായുപ്പാറയുടെ ആകാശക്കാഴ്ച പകരുന്ന വിസ്മയം, നയനാനുഭൂതി പകരുന്ന ഉദയാസ്തമയങ്ങള്‍, വയലേലകളുടെ ഗ്രാമീണത തുടങ്ങി മലയാളനാടിന്റെ കൈയൊപ്പു പതിഞ്ഞ കാഴ്ചകളോരോന്നും 'എന്റെ കേരളം എന്നും സുന്ദര'ത്തില്‍ കടന്നുവരുന്നുണ്ട്. കേരളത്തിന്റെ കാഴ്ച വൈവിധ്യത്തിന് ഓളം തീര്‍ക്കാന്‍ പോന്നതാണ് കേരള ടൂറിസത്തിനായി പ്രയാണ്‍ ബാന്‍ഡ് ഒരുക്കിയ ഗാനം. ചടുലതാളവും വരികളിലെ കേരളീയതയും വീഡിയോ ഗാനത്തെ ആകര്‍ഷണീയമാക്കുന്നു.
സന്തോഷ് വര്‍മ്മയും എംസി കൂപ്പറും ചേര്‍ന്നാണ് വരികള്‍ എഴുതിയത്. ആര്യ ദയാലും ഗൗരി ലക്ഷ്മിയും എംസി കൂപ്പറും അജിത് സത്യനും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ആത്തിഫ് അസീസ് ആണ് സംവിധാനം. ശരത് ചന്ദ്രന്‍ എഡിറ്റിംഗും ഹരി കളറിംഗും നിര്‍വ്വഹിച്ച വീഡിയോയുടെ മിക്‌സിംഗ് ലേ ചാള്‍സ് ആണ്. മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്‌സ് ആണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
ചെറിയ വീഡിയോ ഉള്ളടക്കത്തില്‍ കേരളത്തിന്റെ ടൂറിസം വൈവിധ്യങ്ങളും പ്രധാന ഡെസ്റ്റിനേഷനുകളും തനത് കാഴ്ചകളും ചീത്രീകരിക്കുന്ന വീഡിയോ ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിവുള്ളതാണ്. നൂതന ടൂറിസം പദ്ധതികളും ഉത്പന്നങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമൂഹ മാധ്യമ പ്രചാരണത്തിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരകളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേടാന്‍ കേരളത്തിന് സാധിച്ചിരുന്നു. വിദേശ സഞ്ചാരികളുടെ വരവിലും ക്രമാനുഗതമായ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. പുതിയ ടൂറിസം സീസണിലും ഈ പ്രവണത തുടരാനാണ് കേരള ടൂറിസം ലക്ഷ്യമിടുന്നത്.