കൊച്ചി: സിനിമാ മേഖലയിൽ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ താനില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് ലിജോ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എന്നാൽ സംഘടനയെ സ്വാഗതം ചെയ്യുന്നു. സംഘടനയുടെ ഭാഗമാകുമ്പോൾ അറിയിക്കുമെന്നും ലിജോ വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും അറിയിച്ചു. ലിജോ ജോസ് പല്ലിശ്ശേരിക്ക് പിന്നാലെയാണ്
ബിനീഷ് ചന്ദ്രയുടെയും പ്രതികരണം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം അറിയിച്ചെന്നും ബിനീഷ് ചന്ദ്ര അറിയിച്ചു. ഇതോടെ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ രൂപീകരണം പ്രതിസന്ധിയിലാണെന്നാണ് സൂചന.
അഞ്ജലി മേനോൻ, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളതെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവർത്തകർക്ക് നൽകിയ കത്തിൽ മൂവരുടെയും പേരുണ്ടായിരുന്നു.
അതേസമയം താനുമായി സംഘടനാ സംബന്ധമായ ചർച്ചകൾ നടന്നിട്ടില്ലെന്നും നിലവിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാഗമല്ലെന്നും സംവിധായകൻ വിനയനും പ്രതികരിച്ചു. റിപ്പോർട്ടർ ടിവിയിലെ കോഫി വിത്ത് അരുൺ പരിപാടിയിലൂടെയായിരുന്നു പ്രതികരണം. എന്നാൽ ഭാവിയിൽ സംഘടനയുടെ പ്രവർത്തനം നോക്കി ഭാഗമാകണോ എന്ന് തീരുമാനിക്കും. ഒരു സിനിമാ സംഘടന പുതുതായി രൂപികരിക്കുന്നത് എളുപ്പമല്ലെന്നും വിനയൻ പറഞ്ഞു.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർക്ക് നേരെ വരെ ആരോപണങ്ങൾ ഉയർന്നതോടെ പുതിയ സംഘടന വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.
സിനിമാ നടീനടന്മാരുടെ സംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിന്, ലൈംഗികാരോപണത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നിരുന്നു. പിന്നാലെ മറ്റ് നടന്മാർക്കെതിരെ ആരോപണം ഉയരുകയും എഎംഎംഎയുടെ ജനറൽ ബോഡി തന്നെ പിരിച്ചുവിടുകയും ചെയ്തിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകളടക്കമാണ് സിനിമയിലെ പ്രമുഖർക്കെതിരെ രംഗത്തെത്തിയത്.