എന്‍സിപി മന്ത്രിസ്ഥാനം: നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ശരത് പവാര്‍; എ കെ ശശീന്ദ്രന്‍ പോയേക്കില്ല

നാളെ കൊച്ചിയില്‍ നടക്കുന്ന മണ്ഡലം പ്രസിഡന്റുമാരുടെ കണ്‍വെന്‍ഷനില്‍ മന്ത്രിസ്ഥാനം ചര്‍ച്ചയായേക്കുമെന്നാണ് സൂചന

dot image

ഡല്‍ഹി: എന്‍സിപി മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. 20ന് ഡല്‍ഹിയില്‍ എത്താനാണ് നിര്‍ദേശം. ശശീന്ദ്രന്‍ ഡല്‍ഹിക്ക് പോയേക്കില്ലെന്നാണ് വിവരം.

നാളെ കൊച്ചിയില്‍ നടക്കുന്ന മണ്ഡലം പ്രസിഡന്റുമാരുടെ കണ്‍വെന്‍ഷനില്‍ മന്ത്രിസ്ഥാനം ചര്‍ച്ചയായേക്കുമെന്നാണ് സൂചന. യോഗത്തില്‍ ശശീന്ദ്രന്‍ വിഭാഗം മന്ത്രിസ്ഥാനം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുന്നയിച്ചേക്കും. ഇന്നലെ ഓണ്‍ലൈനായി നടന്ന ഭാരവാഹി യോഗത്തില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശശീന്ദ്രന്‍ വിഭാഗം നേതാക്കളുടെ സാന്നിധ്യം മനസിലാക്കിയ പി സി ചാക്കോ യോഗത്തില്‍ കയറിയിരുന്നില്ല.

അതേസമയം തോമസ് കെ തോമസിനായി എന്‍സിപി ആലപ്പുഴ ജില്ലാ ഘടകം സമ്മര്‍ദ്ദം ശക്തമാക്കി. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനാണ് നീക്കം. ജില്ലാ കമ്മിറ്റി യോഗം ഉച്ചതിരിഞ്ഞ് ആലപ്പുഴയില്‍ ചേരും. ഈ മാസം 30നകം മന്ത്രിസ്ഥാനത്തില്‍ തീരുമാനം വേണമെന്ന നിലപാടിലാണ് തോമസ് കെ തോമസ് വിഭാഗം.

എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്‍ സി പിയില്‍ ധാരണയായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പുതിയ മന്ത്രിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത എ കെ ശശീന്ദ്രന്‍ തള്ളി. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും താന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നുമായിരുന്നു ശശീന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നായിരുന്നു തോമസ് കെ തോമസ് പറഞ്ഞത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം പങ്കുവെയ്ക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുടെ നിലപാട്. മന്ത്രിസ്ഥാനം പിടിവലിയായ സാഹചര്യത്തിലാണ് നേതാക്കളെ ദേശീയ അധ്യക്ഷന്‍ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

dot image
To advertise here,contact us
dot image