പവര്‍ ഗ്രൂപ്പല്ല, ആവശ്യം പവറുള്ള സിനിമാ ഇന്‍ഡസ്ട്രി; പുതിയ സംഘടനയുമായി സഹകരിക്കുമെന്ന് വിനയന്‍

ഭയമില്ലാതെ നിലപാടെടുത്താല്‍ ആ സംഘടനയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് വിനയന്‍

dot image

കൊച്ചി: മലയാള സിനിമാ രംഗത്ത് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേര്‍സ് അസോസിയേഷനുമായി (പിഎംഎഫ്എ) സഹകരിക്കുമെന്ന് സംവിധായകന്‍ വിനയന്‍. സംഘടന വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും സിനിമാ സംഘടനകളിലൊന്നും അംഗത്വമില്ലാത്തവരെ പുതിയ സംഘടനയിലേക്ക് കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.

ചെറിയ തുക മാത്രം അംഗത്വഫീസ് വാങ്ങണമെന്നും ഭയമില്ലാതെ നിലപാടെടുത്താല്‍ ആ സംഘടനയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പവര്‍ ഗ്രൂപ്പല്ല, വേണ്ടത് പവറുള്ള സിനിമാ ഇന്‍ഡസ്ട്രിയെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്‌സ് '(PMFA) എന്ന പുതിയ സിനിമാസംഘടന അവരുടെ നിയമാവലിയുടെ ഡ്രാഫ്റ്റ് എനിക്കിന്ന് അയച്ചു തന്നു. ബൈലോ കണ്ടതിനു ശേഷം പുതിയ സംഘടനയുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാമെന്നാണു ഞാന്‍ പറഞ്ഞിരുന്നത്. മലയാള സിനിമയിലെ നിര്‍മ്മാതാക്കള്‍ മുതല്‍ ടെക്‌നീഷ്യന്‍മാരും ആര്‍ടിസ്റ്റുകളും മാത്രമല്ല തൊഴിലാളികളും സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകളും (ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍) കൂടാതെ സിനിമയുടെ പബ്ലിസിറ്റിക്കായി പോസ്റ്റര്‍ ഒട്ടിക്കുന്ന തൊഴിലാളികള്‍ക്ക് പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് പിഎംഎഫ്എ ആരംഭിക്കുന്നത്.

ഇതു വിജയിച്ചാല്‍ മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാകുക. ആ സംഘടന ട്രേഡ് യൂണിയന്‍ ആക്കണോ എന്ന കാര്യം പൊതുയോഗത്തില്‍ തീരുമാനിക്കാം എന്നാണ് സംഘാടകര്‍ പറഞ്ഞത്. ട്രേഡ് യൂണിയന്‍ ആകുകയോ ഏതെങ്കിലും ട്രേഡ് യൂണിയനുകള്‍ക്ക് ആ അസോസിയേഷനില്‍ അംഗത്വം കൊടുക്കുകയോ ചെയ്യാന്‍ പൊതുയോഗ തീരുമാനം മതിയാകും.

എന്തായാലും ഒരു ഡ്രൈവര്‍ക്കോ സെറ്റുകളില്‍ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ബോയ്‌ക്കോ ഒരു സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റിനോ നിര്‍മ്മാതാവും സംവിധായകനും നായകനും ഇരിക്കുന്ന വേദിയില്‍ തുല്യതയോടെ അഭിപ്രായ പ്രകടനം നടത്താന്‍ കഴിയുക എന്നത് പുതിയോരു സിനിമാ സംസ്‌കാരം സൃഷ്ടിച്ചേക്കാം. തീരുമാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും സ്വാര്‍ത്ഥമതികളുടെ പവര്‍ഗ്രൂപ്പ് ഫോര്‍മേഷന്‍ ഒഴിവാക്കാനും ഈ കൂട്ടായ്മ സഹായിക്കും.

വേറെ ഏതെങ്കിലും സിനിമാ സംഘടനയില്‍ അംഗമായിട്ടുള്ളവര്‍ക്ക് ഈ സംഘടനയില്‍ അംഗത്വം എടുക്കുന്നതില്‍ തടസ്സമില്ല എന്നത് ജനാധിപത്യപരമായി നല്ല കാര്യം തന്നെ. തങ്ങളുടെ സംഘടനയില്‍ അംഗമല്ലാത്തവരെ കൊണ്ട് സിനിമാ സെറ്റില്‍ ജോലി ചെയ്യിക്കില്ല എന്ന ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ്. ഇതെല്ലാം സ്വകാര്യ സംഘടനകളാണ് അല്ലാതെ സര്‍ക്കാര്‍ കമ്മിറ്റികളല്ല എന്ന കാര്യം പലരും ഓര്‍ക്കുന്നില്ല.

ഇപ്പോള്‍ തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയിലും അമ്മയിലും ഫെഫ്കയിലും ഒരുപോലെ അംഗത്വമുള്ള ധരാളം ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്. ഒന്നിലും അംഗത്വം കിട്ടാതെ നില്‍ക്കുന്നതോ വലിയ തുക കൊടുക്കേണ്ടത് കൊണ്ട് അംഗത്വം എടുക്കാതെ നില്‍ക്കുന്നതോ ആയ ധാരാളം നിര്‍മ്മാതാക്കളും നടീനടന്‍മാരും ടെക്‌നീഷ്യന്‍മാരും പുറത്ത് നില്‍ക്കുന്നുണ്ട്. അവരെയൊക്കെ ചെറിയ ഒരു തുക മാത്രം മെമ്പര്‍ഷിപ് ഫീ മേടിച്ചു കൊണ്ട് പുതിയ സംഘടനയിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം.

കൂടുതല്‍ സുതാര്യവും നൈതികതയും ഉള്ള സംഘടനയായും വലിപ്പച്ചെറുപ്പം ഇല്ലാതെ സംഘടനയ്ക്കുള്ളില്‍ എല്ലാവരെയും ഒരുപോലെ കാണുകയും അതുപോലെ ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും പുതിയ സംഘടന ആര്‍ജ്ജിക്കണം. എങ്കില്‍ ആ സംഘടനയ്‌ക്കൊപ്പം ഞാനും ഉണ്ടാകും. പവര്‍ ഗ്രൂപ്പല്ല നമുക്കു വേണ്ടത, പവറുള്ള സിനിമാ ഇന്‍ഡസ്ട്രിയാണ് ആവശ്യം

dot image
To advertise here,contact us
dot image