പ്രവര്‍ത്തനം ആരംഭിച്ചിട്ട് 10 വര്‍ഷം; പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും പിന്‍വാതില്‍ നിയമനം

സാങ്കേതിക പ്രശ്‌നങ്ങളാണ് പിഎസ്‌സി നിയമനത്തിന് തടസമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

dot image

പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിട്ട് ഇന്നേക്ക് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആശുപത്രിയിലെ നിയമനങ്ങള്‍ നടക്കുന്നത് പിന്‍വാതിലിലൂടെ. പതിറ്റാണ്ട് പിന്നിട്ടിട്ടും പാലക്കാട് മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയ്ക്കും കൃത്യമായ സൗകര്യങ്ങളില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ബിജെപി നേതാവ് രാജീവ് കേരളശ്ശേരി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു നിയമനം പോലും പിഎസ്‌സി വഴി നടന്നിട്ടില്ലെന്ന് വ്യക്തമായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014 ല്‍ ആരംഭിച്ചതാണ് പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിലവില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത് 458 ജീവനക്കാരാണ്. ഇതില്‍ ഇരുന്നൂറിലധികം ജീവനക്കാരെ നിയമിച്ചത് യുഡിഎഫിന്റെ ഭരണകാലത്താണ്. 2016ല്‍ ഭരണത്തിലേറുമ്പോള്‍ ആശുപത്രിയിലെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കുമെന്നായിരുന്നു ഇടത് സര്‍ക്കാരിന്റെ വാഗ്ദാനം. ആശുപത്രിയിലെ നിയമനം പൂര്‍ണമായും പിഎസ്‌സി വഴി നടപ്പാക്കുമെന്നും ഇടത് സര്‍ക്കാര്‍ ഉറപ്പു നല്‍കി. എന്നാല്‍ ഇടത് സര്‍ക്കാരും പിന്‍വാതില്‍ നിയമനം തുടര്‍ന്നു എന്നാണ് ആരോപണം. ഇതിന് പുറമേ 121 പേരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയതായും ബിജെപി നേതാവ് ആരോപിക്കുന്നു.


അതിനിടെ സാങ്കേതിക പ്രശ്‌നങ്ങളാണ് പിഎസ്‌സി നിയമനത്തിന് തടസമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച്, മൂന്നുമാസത്തിനകം നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്‌സിക്ക് കീഴില്‍ വരുമെന്നും അധികൃതര്‍ പറയുന്നു.

അതേസമയം, ഉദ്ഘാടനം കഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പാലക്കാട് മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയ്ക്ക് കൃത്യമായ സൗകര്യങ്ങളില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കിടത്തി ചികിത്സയ്ക്കായി പാലക്കാട്ടുകാര്‍ ആശ്രയിക്കുന്നത് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെയാണ്. മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നേരിട്ട് എത്തിയായിരുന്നു നിര്‍വഹിച്ചത്. നൂറു കിടക്കകള്‍ ഉള്ളതായിരുന്നു ആദ്യഘട്ട കിടത്തി ചികിത്സാ സൗകര്യം. പക്ഷേ, അത്യാഹിത വിഭാഗവും, സ്‌കാനിങും തുടങ്ങിയ സേവനം പരിപൂര്‍ണമാവാത്തതിനാല്‍ കിടത്തി ചികിത്സ മുടങ്ങുന്നുവെന്നാണ് ആക്ഷേപം. ചില വിഭാഗങ്ങളിലെ ഒ.പി പ്രവര്‍ത്തനം മാത്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്നത്. സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ചികിത്സയ്ക്ക് എത്തുന്നത് ചുരുക്കം ആളുകളാണ്. ആശുപത്രി യഥാര്‍ത്ഥ്യമാകാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്നതും വലിയ പ്രതിസന്ധികളാണ്. പഠനത്തിന് ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. അധ്യാപകരുടെ കുറവ് ഇപ്പോഴുമുണ്ടെന്ന് വിമർശനമുണ്ട്.

dot image
To advertise here,contact us
dot image