തിരുവനന്തപുരം: നേമം സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. നിക്ഷേപകർക്ക് മാസങ്ങളായി പലിശയും മുതലും ലഭിക്കുന്നില്ല. മാസങ്ങൾ കയറി ഇറങ്ങിയിട്ടും നിക്ഷേപ തുക ബാങ്ക് അധികൃതർ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. സിപിഐഎം ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ചിട്ടിയുടെ മറവിലും ലോൺ നൽകിയതിലും ക്രമക്കേടെന്നാണ് നിക്ഷേപകരുടെ ആരോപണം. ചിട്ടി കിട്ടിയ തുകയും ബാങ്ക് നൽകുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.
നിക്ഷേപ തുക ചോദിച്ച് ബാങ്കിലെത്തിയപ്പോള്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള തുക പോലും ബാങ്കിലില്ലെന്നായിരുന്നു നിക്ഷേപകരോട് ബാങ്ക് പ്രസിഡന്‍റിന്റെ ന്യായീകരണം. നിക്ഷേപിച്ച തുക ആവശ്യപ്പെട്ട് നേമം സഹകരണ ബാങ്കിലെത്തിയ നിക്ഷേപകരോട് അധികാരികൾ ആദ്യം പറഞ്ഞത് പണം ഓണത്തിന് ശേഷം ഗഡുക്കളായി നൽകുമെന്നായിരുന്നു. ബാങ്ക് അധികാരികളുടെ വാക്ക് വിശ്വസിച്ച് രാവിലെ എത്തിയപ്പോൾ ബാങ്ക് അധികൃതര്‍ കൈമലർത്തിയത്. പണം കിട്ടാതായതോടെ ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം നടത്തി.
നിക്ഷേപ തുകയും പെൻഷൻ തുകയും എത്തിയതോടെ ബാങ്കിലെ നിക്ഷേപ തുക 75 കോടി കടന്നിരുന്നു. പലരും വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപിച്ചതായിരുന്ന തുകയായിരുന്നു. ഭരണ സമിതിയുടെ കൊടുംകാര്യസ്ഥതയാണ് ഇതിന് പിന്നിലെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.