അപകട ശേഷം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു; അജ്മല്‍ ക്രിമിനലെന്ന് അറിഞ്ഞില്ലെന്ന് ഡോ. ശ്രീക്കുട്ടി

ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശ്രീക്കുട്ടി പൊലീസിനോട് വെളിപ്പെടുത്തി

dot image

കൊല്ലം: അപകട ശേഷം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുകൊന്ന കേസില്‍ പ്രതിയായ ഡോ. ശ്രീക്കുട്ടി. ആള്‍ക്കൂട്ടം പിന്തുടര്‍ന്നപ്പോഴും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അജ്മല്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ല. സിനിമാ കൊറിയോഗ്രാഫര്‍ എന്നു പറഞ്ഞാണ് അജ്മല്‍ പരിചയപ്പെട്ടതെന്നും ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കി.

ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ദിവസം ചികിത്സയ്ക്കായി എത്തിയപ്പോഴാണ് അജ്മലിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായി. ഈ ബന്ധം പിന്നീട് വഴി തെറ്റിയെന്നും ശ്രീക്കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അജ്മലുമായി പണവും സ്വര്‍ണവും കൈമാറ്റം ചെയ്തിട്ടുണ്ട്. തന്റെ പക്കല്‍ നിന്ന് പണം വാങ്ങി അജ്മല്‍ എറണാകുളത്ത് ഷൂട്ടിങിന് പോയി. കോമണ്‍ സുഹൃത്തിന്റെ വീട്ടില്‍ ഓണം ആഘോഷിച്ചു വരുന്നതിനിടെയാണ് അപകടം നടന്നതെന്നും ശ്രീക്കുട്ടി പറഞ്ഞു.

ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശ്രീക്കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. അജ്മലിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോകാറുണ്ടായിരുന്നുവെന്നും ശ്രീക്കുട്ടി പറഞ്ഞു.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിവസമായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നു. നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ പാഞ്ഞ കാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്.

ഇതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്റെ ഡോര്‍ തുറന്ന് അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. ഇതിനിടെ കൂടെയുണ്ടായിരുന്ന ശ്രീക്കുട്ടിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ശ്രീക്കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. തൊട്ടടുത്ത ദിവസമാണ് അജ്മലിനെ പൊലീസ് പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. കേസില്‍ പ്രതിയായതോടെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരമുള്ളതാണോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us