തിരൂര്‍: മലപ്പുറത്ത് നിപയും എംപോക്‌സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ആരംഭിച്ചു. എംഎൽഎമാർ , മലപ്പുറം ജില്ലാ കലക്ടർ, ആരോഗ്യ വകുപ്പ് ഉദ്യോസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. എംപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്ന വര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും. ഇതിനുള്ള സജ്ജീകരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.എന്നാൽ മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള പതിമൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചിരുന്നു.
175 പേരാണ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. എങ്കിലും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.