കൊച്ചി: മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും നിർമാതാക്കൾ കത്ത് അയച്ചു. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണം. ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പിലാക്കണമെന്ന് കാണിച്ചുകൊണ്ട് അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും നിർമ്മാതാക്കൾ കത്ത് അയച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ കരാർ നൽകണമെന്നും കരാറിന് പുറത്ത് പ്രതിഫലം നൽകില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു. ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവർ നിർമാണ കമ്പനിയുടെ ലെറ്റർ ഹെഡ്ഡിൽ കരാർ നൽകണം. സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ ഇടപെടില്ലന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.