കോഴിക്കോട്: ദുരന്തങ്ങൾ വിട്ടുമാറാത്ത ഭിന്നശേഷിക്കാരനായ പത്തുവയസുകാരൻ്റെ ജീവിതത്തിൽ ഇപ്പോൾ വില്ലനായിരിക്കുന്നത് നിത്യേന ഉപയോഗിക്കുന്ന സാനിറ്ററി ഡയപ്പറുകളാണ്. ഇരുവൃക്കകളുമില്ലാത്ത ബാലന് ദിവസവും ഏഴോ എട്ടോ ഡയപ്പർ ഉപയോഗിക്കണം.ഡയപ്പർ സംസ്ക്കരിനാകില്ലെന്ന നിലപാടിലാണ് പെരുവയൽ പഞ്ചായത്ത്. ഡയപ്പർ കുന്നുകൂടിയതോടെ വാടക വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വീട്ടുടമ. പെരിങ്ങളം പ്രദീപ് - രജനി ദമ്പതിമാരുടെ മകൻ നിവേദിനാണ് ഇത്തരമൊരു ദുരവസ്ഥ.
രണ്ട് നേരത്തെ ഡയാലിസിസിനിടയിലെ ഇടവേളകളാണ് നിവേദിന്റെ ജീവിതം. കാർട്ടൂണുകളുടെ കൗതുക കാഴ്ചകളിൽ ഒതുങ്ങുന്ന ചെറിയ ലോകമാണ് അവന്റേത്. വൃക്കകൾ തകരാറിലായതിനാൽ ഡയപ്പർ നിർബന്ധമാണ്. ദിവസവും ആറും ഏഴും ഡയപ്പർ വേണം. വാടകവീടിൻ്റെ പിന്നാമ്പുറം ഡയപ്പർ മാലിന്യം കൊണ്ട് നിറഞ്ഞു. എന്നാൽ കുമിഞ്ഞുകൂടിയ ഡയപ്പറുകൾ സംസ്കരിക്കാൻ ഒരു വഴിയുമില്ലെന്നാണ് പഞ്ചായത്തിൻ്റെ മറുപടി.
ഈ മാലിന്യങ്ങൾ കൂടിയതിന്റെ പേരിൽ വീടൊഴിയാൻ ഉടമ പറഞ്ഞതോടെ കുടുംബം കുഴങ്ങി. കൂലിപ്പണിക്കാരനായ അച്ഛൻ പ്രതീപിന്റെ വരുമാനം മരുന്നിന് പോലും തികയില്ല. കുഞ്ഞിൻ്റെ വൃക്കകൾ മാറ്റിവയ്ക്കേണ്ടി വരുമെന്ന ചിന്താഭാരവും ഈ ചെറിയ കുടുംബത്തെ ഭീകരമായി തളർത്തുന്നുണ്ട്. ലിവർ സിറോസിസ് രോഗിയാണ് നിവേദിന്റെ അമ്മ രജനി. മകനെ ശുശ്രൂഷിക്കുന്നിതിനിടയിൽ സ്വന്തം കരൾരോഗത്തെ കുറിച്ച് പോലും ഈ അമ്മ ഓർക്കാറില്ല. സ്വന്തമായൊരു വീട് സ്വപ്നങ്ങളിൽ പോലുമില്ല. ഏറ്റവും ചുരുങ്ങിയത് ഡയപ്പർ സംസ്ക്കരണത്തിനെങ്കിലും സഹായം വേണമെന്നതാണ് ഇവരുടെ ആവശ്യം