കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും.
കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് നിർദേശിച്ചത്. ഇതിന്‍റെ ഭാഗമായാണ് ഇന്ന് വിചാരണ കോടതിയിൽ പൾസർ സുനി അപേക്ഷ നൽകുന്നത്.
കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് പുറത്തിറങ്ങാൻ കഴിയും. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക. അതിനാൽ കർശന ഉപാധികൾക്കായി സർക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിലാണ്.