കോഴിക്കോട്: വൃക്ക രോഗത്തെ തുടർന്ന് നിത്യേന ഉപയോഗിക്കുന്ന ഡയപ്പർ വീട്ടിൽ കെട്ടിക്കിടന്നുള്ള കോഴിക്കോട്ടെ കുടുംബത്തിന്റെ ദുരിതത്തിന് പരിഹാരമായി. റിപ്പോർട്ടർ ടിവി വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ സഹായവുമായി ആക്രി ഡോട്ട് കോം രംഗത്തെത്തി. ആക്രി ഡോട്ട് കോം ഉടമ ലക്ഷ്മി മാലിന്യം ഏറ്റെടുത്ത് സംസ്കരിക്കാമെന്ന് കോഫി വിത്ത് അരുൺ പരിപാടിയിലൂടെ ഉറപ്പ് നൽകി. ദിവസേന എട്ടോളം ഡയപ്പറുകൾ ഉപയോഗിക്കുന്നതിനാൽ സംസ്കരിക്കാൻ മാർഗമില്ലാതെ ഇവ വീടിന്റെ പരിസരത്ത് കെട്ടിക്കിടക്കുകയാണ്. ഡയാലിസിസ് ചെയ്യുന്ന ഫ്ലൂയിഡ് ബാഗുകളടക്കം ചാക്കുകണക്കിന് മാലിന്യമാണ് വീടിന് പുറകിൽ കൂടിക്കിടക്കുന്നത്.
പെരിങ്ങളം പ്രദീപ് - രജനി ദമ്പതിമാരുടെ മകൻ പത്തുവയസ്സുകാരൻ നിവേദ് ഉപയോഗിക്കുന്ന ഡയപ്പറുകളാണ് സംസ്കരിക്കാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുന്നത്. ഡയപ്പർ കുന്നുകൂടിയതോടെ വാടക വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വീട്ടുടമ. എന്നാൽ കൂലിപ്പണിക്കാരനായ പ്രദീപിന് മകന്റെ ചികിത്സയ്ക്കൊപ്പം കൂടുതൽ തുക നൽകി ഇനിയൊരു വീട് കണ്ടുപിടിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല.
നിവേദിന്റെ കുടുംബത്തിന്റെ ദുരിതം റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവരികയായിരുന്നു. വാർത്ത ലൈവായി കണ്ടുകൊണ്ടിരുന്ന മാലാ പാർവ്വതി ഉടൻ തന്നെ ലക്ഷ്മിയുമായി ബന്ധപ്പെടുകയും റിപ്പോർട്ടർ ടിവിയെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ഉടൻ റിപ്പോര്‍ട്ടർ ടിവി ലക്ഷ്മിയുമായി ബന്ധപ്പെടുകയും അവർ നേരിട്ട് രജനിയുമായി സംസാരിച്ച് സഹായം ഉറപ്പ് നൽകുകയും ചെയ്തു.