നിയമ പോരാട്ടം തുടരും; അരിയില്‍ ഷുക്കൂര്‍ കേസിലെ കോടതി വിധിയില്‍ പി ജയരാജന്‍

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജയന് പുറമേ ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളിയിരുന്നു

dot image

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കേസില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളിയ സാഹര്യത്തിലാണ് പി ജയരാജന്റെ പ്രതികരണം. നിയമവിദഗ്ധരുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജയന് പുറമേ ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളിയിരുന്നു.

2012 സെപ്റ്റംബര്‍ 20നാണ് എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി ജയരാജന്‍. ഇക്കാലയളവില്‍ പട്ടുവം അരിയില്‍ പ്രദേശത്ത് സിപിഐഎം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പി ജയരാജനും ടി വി രാജേഷിനും നേരെ ആക്രമണമുണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ എംഎസ്എഫ് നേതാവായ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസില്‍ ഗൂഡാലോചന കുറ്റമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us