പാലക്കാട്: സേവ് സിപിഐ ഫോറത്തെ അനുകൂലിക്കുന്ന രീതിയില്‍ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണം തേടിയ കത്തിന് മറുപടിയുമായി സിപിഐ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായില്‍. താന്‍ കൂടി വളര്‍ത്തിയ പാര്‍ട്ടിയാണിതെന്നും പാര്‍ട്ടിക്ക് വേണ്ടി സഹിച്ച ത്യാഗവും പ്രയാസങ്ങളും വിവരിക്കാനാകാത്തതാണെന്നും ഇസ്മായില്‍ മറുപടി നല്‍കി.
'പാര്‍ട്ടിയുടെ എല്ലാ സമുന്നത ബോഡികളിലും അംഗമായ തന്നോട് ഇപ്പോള്‍ പാര്‍ട്ടി ചെയ്യുന്നത് എന്താണ്. തന്റെ പ്രവര്‍ത്തി പരിചയം പ്രയോജനപ്പെടുത്തുകയായിരുന്നില്ലേ വേണ്ടത്. തന്റെ മറുപടിയില്‍ സംസ്ഥാന കമ്മിറ്റിക്ക് യുക്തമായ നടപടി എടുക്കാം,' ഇസ്മായില്‍ മറുപടിയില്‍ പറഞ്ഞു.
ജില്ലാ കൗണ്‍സിലിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്ന് ഇസ്മായിലിനെ നീക്കണമെന്ന് ജില്ലാ കമ്മറ്റി ശുപാര്‍ശ നല്‍കിയിരുന്നു. സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ഫോറമാണ് സേവ് സിപിഐ ഫോറം. ഫോറത്തിനെ വെറുതെ ഒഴിവാക്കി വിടരുതെന്ന തരത്തിലുള്ള ഇസ്മായിലിന്റെ പരാമര്‍ശം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
വിമതപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് ഇസ്മയില്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. പിന്നാലെ സമാന്തര പ്രവര്‍ത്തനം നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഇസ്മായിലിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന കമ്മിറ്റി വിശദീകരണം തേടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത്തരമൊരു തീരുമാനം ഇസ്മായിലിനെ പ്രകോപിപിക്കുമെന്ന് നേതാക്കളായ കെ പ്രകാശ് ബാബുവിന്റെയും ഇ ചന്ദ്രശേഖരന്റെയും എതിര്‍പ്പ് സംസ്ഥാന കമ്മിറ്റി പരിഗണിച്ചില്ല.