തൃശൂർ: പൂരം കലക്കൽ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത് അത് എന്താണെന്ന് പരിശോധിച്ച് മറുപടി നൽകാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളിൽ അന്വേഷണം വേണമെന്നത് പൊതു ആവശ്യമായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. പാർട്ടിയെന്ന നിലയിൽ വിഷയം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻപിലും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. അത്തരത്തിലൊരു റിപ്പോർട്ട് വന്നതിനെ കുറിച്ച് അന്വേഷിക്കും. അന്വേഷണം വൈകിയെന്നതിനോട് യോജിക്കുന്നില്ല. അന്വേഷണ റിപ്പോർട്ട് വേഗത്തിൽ വരിക എന്നതിനേക്കാളുപരി അന്വേഷണം നടക്കുകയാണ് പ്രധാനം', കെ രാജൻ പറഞ്ഞു.
അതേസമയം പൂരം കലക്കൽ വിവാദത്തിൽ അന്വേഷണം നീണ്ടു പോയെന്നും അന്വേഷണത്തെ ഹെഡ്ക്വാർട്ടേഴ്സിൽ അറിഞ്ഞില്ലെന്ന് പറയുന്നത് അതിശയിപ്പിച്ചുവെന്നും വി എസ് സുനിൽ കുമാർ പ്രതികരിച്ചു. നടന്നത് അന്വേഷണമല്ല, പ്രഹസനം. വിഷയത്തിൽ വിവരാവകാശ കമ്മീഷനെ സമീപിക്കാനാണ് നീക്കം.
തൃശൂർ പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമല്ല മറ്റ്ചിലർക്കും പങ്കുണ്ട്. പൂരത്തെ കുറിച്ച് സംസാരിക്കുന്നതിൽ പലരും പൂരം കലക്കിയതിന് പിന്നിലുണ്ട്. ഒരുപാട് വിവരങ്ങളറിയാം, അതൊന്നും പുറത്തുവിട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചാൽ മറുപടി പറയാൻ തയ്യാറാണെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു. അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് ഡിജിപിയുടെ ഓഫീസ് പറയുന്നതിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. മാനസിക പ്രയാസമുണ്ടാക്കിയ കാര്യമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.