കൊച്ചി: രാജ്യത്ത് തൊഴിലിടത്തെ ജോലി സമയം നിജപ്പെടുത്തണമെന്ന് അന്നയുടെ അമ്മ അനിത സെബാസ്റ്റിയന്‍. ജോലിസ്വഭാവത്തില്‍ മാറ്റം വരണം. മറ്റൊരു രാജ്യത്തും ഇങ്ങനെയില്ല. ജോലി സമയം ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് കത്ത് നല്‍കി. ഇനിയൊരു മക്കള്‍ക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും മറ്റ് അമ്മമാര്‍ക്ക് കൂടി വേണ്ടിയാണ് കത്തെഴുതിയതെന്നും അനിത സെബാസ്റ്റിയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അന്ന ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ തന്നെ ഇന്ത്യക്ക് പുറത്തുള്ള സ്ഥാപനങ്ങളില്‍ ഇത്രയും ജോലി ഭാരം ഇല്ലെന്നും അമ്മ പറയുന്നു. ജോലി സ്ഥലത്ത് കുട്ടികള്‍ക്ക് സൗഹൃദപരമായ അന്തരീക്ഷണം വേണം. അതിന് അടിയന്തര ഇടപെടലുണ്ടാകണം. ഇത്തരത്തില്‍ ഒരു സംഭവം ഇനിയും ഉണ്ടാകരുതെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. കത്തെഴുതിയതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്നും അനിത പറഞ്ഞു. ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് അന്ന നിരന്തരം പറഞ്ഞിരുന്നുവെന്നും അനിത സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇ. വൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നു. ഇതിന് ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്ന് അച്ഛന്‍ സിബി ജോസഫും പറഞ്ഞിരുന്നു.
ഇന്ത്യയിലെ നാലാമത്തെ ബഹുരാഷ്ട്ര കമ്പനിയാണ് ഏണസ്റ്റ് ആന്‍ഡ് യങ്. അന്നയുടെ മരണത്തിന് ശേഷം നിരവധി പേര്‍ കമ്പനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തില്‍ നിന്ന് പുറത്താക്കല്‍, അവധി അനുവദിക്കാതെയുള്ള ജോലി സമ്മര്‍ദം തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി കമ്പനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.