പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഇറങ്ങി; സ്വീകരിച്ച് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍

കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

dot image

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായിരുന്നു ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കളെത്തിയിരുന്നു. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, സുനിക്ക് അമ്മയെ കാണാനും കോടതി അനുമതി നല്‍കി. പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്തിമവാദം കേള്‍ക്കാന്‍ ഇരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്. ഇതിന് പുറമേ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us