തിരുവനന്തപുരം: നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മയെന്നും സിനിമാലോകത്തിന് വലിയ നഷ്ടം സൃഷ്ടിച്ചുകൊണ്ടാണ് കവിയൂർ പൊന്നമ്മ വിടവാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ചത്. 'മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മ. ഗായികയായി തുടങ്ങി നാടകങ്ങളിലൂടെ സിനിമയിൽ സജീവമായ അവർ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളിൽ നിറഞ്ഞു നിന്നപ്പോഴും അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനും അവർക്ക് സാധിച്ചു. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, നിർമാല്യം, നെല്ല്, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം തുടങ്ങിയ സിനിമകളിലെ അവരുടെ പ്രകടനം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും കവിയൂർ പൊന്നമ്മ തിളങ്ങി. മലയാള സിനിമാലോകത്തിന് വലിയ നഷ്ടം സൃഷ്ടിച്ചുകൊണ്ടാണ് കവിയൂർ പൊന്നമ്മ വിടവാങ്ങുന്നത്'; മന്ത്രി കുറിച്ചു.
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെയായിരിക്കും പൊതുദര്‍ശനം.
20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. 1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ട് കാലത്തോളം സിനിമയില്‍ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.