'അമ്മ' എന്ന വാക്കിന്റെ രൂപമായിരുന്നു പൊന്നമ്മച്ചേച്ചി, വലിയ വേദനയാണ് ഈ വിടവാങ്ങൽ'; സിബി മലയിൽ

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂർ പൊന്നമ്മ

dot image

കൊച്ചി: കവിയൂർ പൊന്നമ്മയുടെ മരണം ഉണ്ടാക്കിയത് അതീവ വേദനയെന്ന് സംവിധായകൻ സിബി മലയിൽ. പൊന്നമ്മച്ചേച്ചിയുടെ കൂടെ ഒരുപാട് സിനിമകൾ ചെയ്ത മനോഹരമായ ഓർമകളുണ്ടെന്നും തന്റെ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ചേച്ചിയെന്നും സിബി മലയിൽ പറഞ്ഞു.

'തന്നെക്കാളും മുതിർന്ന നടന്മാരുടെ അമ്മ വേഷങ്ങൾ അടക്കം പൊന്നമ്മച്ചേച്ചി ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളുടെയും അഭിനേതാക്കളുടെയും പ്രായവ്യത്യാസങ്ങൾ അവരെ അലട്ടിയിരുന്നില്ല. എന്തും അവർ മനോഹരമാക്കുമായിരുന്നു. തന്നെ സംബന്ധിച്ച ഒരുപാട് അടുപ്പമുള്ള ആളായിരുന്നു പൊന്നമ്മച്ചേച്ചി. എന്നും ഒരമ്മയുടെ വാത്സല്യം അവരിൽനിന്നും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായി തനിക് വലിയ നഷ്ടമാണ് ഈ മരണം'; സിബി മലയിൽ പറഞ്ഞു.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂർ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ 'മൂലധന'മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി.

1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ട് കാലത്തോളം സിനിമയില്‍ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image