സുഹൃത്തിനെ പോലെ ഇടപെട്ടിരുന്ന 'അമ്മ'; പൊന്നു ആന്റിയുടെ മരണം ഏറെ വേദനിപ്പിക്കുന്നു: ഉര്‍വശി

"എന്‍റെ അമ്മയുടെ സുഖവിവരം ചോദിക്കാനായി പൊന്നു ആന്റി ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്നു. അമ്മയ്ക്ക് ഈ മരണവാര്‍ത്ത താങ്ങാന്‍ കഴിയില്ല"

dot image

നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടി ഉര്‍വശി. ലളിത, സുകുമാരി, ഫിലോമിന എന്നീ മലയാള സിനിമയിലെ അമ്മമാര്‍ക്കിടയില്‍ ഏറ്റവും സൗഹൃദപരമായി ഇടപഴകിയിട്ടുള്ളത് കവിയൂര്‍ പൊന്നമ്മയോടൊപ്പമായിരുന്നെന്ന് ഉര്‍വശി പറഞ്ഞു. 'പൊന്നു ആന്റി' എന്നായിരുന്നു താന്‍ വിളിച്ചിരുന്നതെന്നും ഉര്‍വശി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

'കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ഒത്തിരി ദുഖമുണ്ട്. ഒരു അമ്മയെ പോലെ തന്നെയാണ് എന്നും എന്നോട് പെരുമാറിയിട്ടുള്ളത്. സുഖമില്ല എന്ന വിവരം കേട്ടപ്പോള്‍ വിളിച്ചന്വേഷിച്ചിരുന്നു. കാണാന്‍ പോകണം എന്ന് കരുതിയതാണ്. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പറ്റിയില്ല.

അമ്മ സംഘടനയില്‍ നിന്നും ആളുകള്‍ ആശുപത്രിയില്‍ പോയപ്പോഴും നല്ല വിവരം അല്ല ലഭിച്ചിരുന്നത്. ഒരുപാട് സങ്കടമുണ്ട്. ലളിത ചേച്ചി , സുകുമാരിയമ്മ, ഫിലോമിന ആന്റി ആ അമ്മമാരുടെ ലിസ്റ്റില്‍ ഏറ്റവും ഫ്രണ്ട്ലി ആയി പൊരുമാറിയ അമ്മ ആയിരുന്നു പൊന്നു ആന്റി,' എന്ന് ഉര്‍വശി പറഞ്ഞു.

ഷൂട്ടിംഗ് സ്ഥലത്ത് മറ്റുള്ളവര്‍ക്ക് മികച്ച താമസ സ്വകാര്യവും ഭക്ഷണവും ലഭിക്കുന്നതില്‍ ശ്രദ്ധ വെച്ചിരുന്ന അമ്മയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും ഉര്‍വശി ഓര്‍ത്തെടുത്തു. സിനിമയില്‍ കാണുന്ന കുലീനത്വം അതുപോലെ ജീവിതത്തിലും ഉണ്ടായിരുന്നു. ഒരു കാലഘട്ടം തന്നെ ഇല്ലാതാകുകയാണെന്നും ഉർവശി പറഞ്ഞു. കവിയൂര്‍ പൊന്നമ്മയുടെ മരണവാര്‍ത്തയറിഞ്ഞാല്‍ തന്റെ അമ്മ ഏറെ ദുഖിക്കുമെന്നും ഉര്‍വശി പറഞ്ഞു.

'എന്റെ അമ്മയ്ക് ഈ വിവരം കേട്ടാല്‍ വലിയ സങ്കടമാകും. അമ്മയുടെ സുഖവിവരം ചോദിക്കാനായി പൊന്നു ആന്റി ഇടയ്ക്ക് വീട്ടില്‍ വരുമായിരുന്നു. ഉടനെ ഈ വാര്‍ത്ത ഞാന്‍ എന്റെ അമ്മയെ അറിയിക്കില്ല. അവര്‍ക്ക് അത് താങ്ങാന്‍ കഴിയില്ല,' ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കളടക്കം നിരവധി പേര്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. നാളെയായിരിക്കും പൊതു ദര്‍ശനം.

20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. 1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ട് കാലത്തോളം സിനിമയില്‍ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image