സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ അമ്മ മുഖം; കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ്

വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കവിയൂര്‍ പൊന്നമ്മയുടെ വിയോഗം.

dot image

തിരുവനന്തപുരം: കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് വി ഡി സതീശന്‍ പറഞ്ഞു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

'വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയത്. പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍.' വി ഡി സതീശന്‍ പറഞ്ഞു.

വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ.

20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ 'മൂലധന'മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.

dot image
To advertise here,contact us
dot image