തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നതിന് ശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ഗതിയില്‍ ഒരു പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടിയെടുക്കുകയെന്നതാണ് എപ്പോഴും സ്വീകരിക്കുന്ന നിലയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇപ്പോള്‍ ഉയര്‍ന്നു വന്ന പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കണക്കാക്കുന്നത്. അജിത് കുമാറിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുക്തമായ തീരുമാനം കൈകൊള്ളും. ഒരു തരലത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകനെയോ രാഷ്ട്രീയ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കുന്നതാണെങ്കില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടിയുണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്'; പിണറായി വിജയന്‍ പറഞ്ഞു.
പി വി അന്‍വര്‍ എംഎല്‍എ പരാതി തരുന്നതിന് മുമ്പ് തന്നെ ചാനലുകളിലൂടെ ദിവസങ്ങളോളം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും ഒരു മുന്‍ വിധിയും സ്വീകരിക്കി ല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇപ്പോള്‍ ഇവിടെ എസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു സാധാരണ രീതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്ത് വന്നു. ആരോപണ വിധേയര്‍ ആരെന്നല്ല, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എന്താണ്, അതിനുള്ള തെളിവെന്താണ് എന്ന് അന്വേഷിച്ച് കണ്ടെത്തുകയാണ് പ്രധാന കാര്യം,' മുഖ്യമന്ത്രി പറഞ്ഞു.