'മെമ്മോറാണ്ട വിവാദം മാധ്യമ സൃഷ്ടി, നുണപ്രചാരണം'; അതിരൂക്ഷമായി വിമ‍ർശിച്ച് മുഖ്യമന്ത്രി

എല്ലാ മാധ്യമങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് പറയുന്നില്ല. ചിലരെങ്കിലും സത്യം പരിശോധിച്ച് വാര്‍ത്ത നല്‍കാന്‍ തയ്യാറായി.

dot image

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയത് പ്രത്യേക അജണ്ടയോടെയുള്ള നുണപ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന്റെ ദിവസങ്ങളിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഒറ്റ ദിവസം കൊണ്ട് വാര്‍ത്ത ലോകമാകെ സഞ്ചരിച്ചു. തെറ്റായ വാര്‍ത്ത സാധാരണ മനുഷ്യരുടെ മനസിലേക്ക് കടന്നു കയറി. കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. തെറ്റായ വാര്‍ത്ത നല്‍കി കേന്ദ്രസഹായം തടയുക എന്നതായിരുന്നു പ്രധാന അജണ്ട. സത്യം പറയുമ്പോള്‍ അസത്യം മുടന്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത് സാധാരണ മാധ്യമപ്രവര്‍ത്തനമല്ല. നശീകരണ മാധ്യമപ്രവര്‍ത്തനമാണ്. സമൂഹത്തിന് മുന്നില്‍ ഇത് കുറ്റകൃത്യമാണ്. ഈ തിരിച്ചറിവുണ്ടാകണം. എല്ലാ മാധ്യമങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് പറയുന്നില്ല. ചിലരെങ്കിലും സത്യം പരിശോധിച്ച് വാര്‍ത്ത നല്‍കാന്‍ തയ്യാറായി. എന്നാല്‍ ചില മാധ്യമങ്ങള്‍ വിവാദനിര്‍മാണശാലയായി മാറി. യാഥാര്‍ത്ഥ്യം വസ്തുനിഷ്ടമായി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ച് ജനാധിപത്യത്തെ ശക്തമാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ അക്കാര്യം വിസ്മരിച്ചു. വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടത്തിലെ കണക്കുകള്‍ ചിലവിന്റെ കണക്കായി വ്യാഖ്യാനിച്ചു. ഏത് വിധേനയും സംസ്ഥാന സര്‍ക്കാരിനെ ആക്ഷേപിക്കുകയാണ് ലക്ഷ്യം. മെമ്മോറാണ്ടം മനസിലാകാത്തവര്‍ ഉണ്ടാകും. അത് മനസിലാക്കി സത്യസന്ധമായി നല്‍കാനുള്ള മനസ് കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രമേ മെമ്മോറാണ്ടം വഴി ധനസഹായം ചോദിക്കാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് അറിയാം. 2012 മുതല്‍ 2019 വരെ വിവിധ സര്‍ക്കാരുകള്‍ പല ദുരന്തഘട്ടങ്ങളില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഉണ്ട്. അത് ഒറ്റ ക്ലിക്ക് അകലെ എല്ലാവര്‍ക്കും ലഭ്യമാണ്. 2012 മുതല്‍ 16 വരെയുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് തയ്യാറാക്കി സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ ധൂര്‍ത്ത്' ആയോ പെരുപ്പിച്ച കണക്കായോ ഇന്ന് വരെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ധൂര്‍ത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാര്‍ത്തക്കാര്‍ ആഗ്രഹിച്ചത്. ഒരു കുടുംബത്തിന്റെ വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കുന്നത്ര ലളിതയുക്തിയിലാണ് ഒരു മഹാദുരന്തത്തിന്റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രൊഫെഷണലുകള്‍ ആണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അവലംബിക്കുന്ന ചില രീതികളുമുണ്ട്. ദുരന്തഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നതിന്റെ മധ്യത്തില്‍ തയ്യാറാക്കപ്പെടുന്ന മെമ്മോറാണ്ടത്തില്‍ പല സാധ്യതകള്‍ വിലയിരുത്തി വേണം ഓരോ കണക്കുകളും തയ്യാറാക്കാന്‍. അത്തരത്തില്‍ തയ്യാറാക്കിയ വിവരങ്ങളെ ആണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us