കണ്ണൂര്‍: മുന്‍ ഡിവൈഎസ്പി പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു. അരിയില്‍ ഷുക്കൂര്‍, ഫസല്‍ കൊലക്കേസുകള്‍ അനേഷിച്ച ഉദ്യോഗസ്ഥനാണ് പി സുകുമാരന്‍. കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് സുകുമാരന്‍ അംഗത്വം സ്വീകരിച്ചത്.
മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സുകുമാരന്‍ ബിജെപി അംഗമായത്. സുകുമാരന്റെ രാഷ്ട്രീയ പ്രവേശനം വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയാവാനുള്ള സാധ്യതയേറെയാണ്.
അതിനിടെ ഒരു മില്യണ്‍ ഫോളോവേഴ്‌സെന്ന നേട്ടം കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കൈവരിച്ചു. 'ബിജെപി4കേരളം' എന്ന പേജാണ് 10 ലക്ഷം പേരെ നേടി ഈ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഐഎമ്മിനെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പിന്തള്ളിയാണ് ബിജെപിയുടെ ഈ നേട്ടം. സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 7,71,000 ഫോളോവേഴ്‌സും കോണ്‍ഗ്രസിന് 3,52,000 ഫോളോവേഴ്‌സുമാണുള്ളത്.
ഈ നേട്ടത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്തോഷം രേഖപ്പെടുത്തി. 'ബിജെപി കേരളം ഫേസ്ബുക്ക് പേജിന് ഒരു മില്ല്യന്‍ ഫോളോവേഴ്‌സ്. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഒഫീഷ്യല്‍ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങള്‍ കേരളാ സോഷ്യല്‍ മീഡിയ ടീം….' എന്ന് ഫേസ്ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചു.
ഡിജിറ്റല്‍ രംഗത്ത് സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ ഈ നേട്ടം ബിജെപിയെ സഹായിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു എംപി സ്ഥാനം നേടുകയും വോട്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഈ നേട്ടം.