എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും

വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം എം ലോറൻസിന്റെ അന്ത്യം

dot image

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസി(95)ന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും. എം എം ലോറൻസിന്റെ ആഗ്രഹപ്രകാരം കുടുംബത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം എറണാകുളം ടൗൺഹാളിലും പൊതുദർശനമുണ്ടാകും. ഇതിനുശേഷം വൈകിട്ടോടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും.


വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ആദ്യ തലമുറ നേതാക്കളിൽ ഒരാളായിരുന്ന എം എം ലോറൻസ് 1964-ൽ സിപിഐ പിളർന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)ക്കൊപ്പം ചേരുകയായിരുന്നു. കൊച്ചിയിലെ തുറമുഖ, ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് എം എം ലോറൻസ്. 1980-കൾ മുതൽ പാർട്ടിയിൽ പുകയുന്ന പല വിഭാഗീയ ചേരിതിരിവുകളിലും ലോറൻസും നാടകീയ വ്യക്തിത്വമായിരുന്നു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം തടവിലായിരുന്നു എം എം ലോറൻസ്.

ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം എൽ സജീവൻ, സുജാത, അഡ്വ. എം എൽ അബി, ആശ ലോറൻസ്. സ്വാതന്ത്ര്യ സമര പോരാളിയും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന അന്തരിച്ച എബ്രഹാം മാടാക്കൽ ലോറൻസിന്റെ ജേഷ്‌ഠനാണ്.

മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എം പി, എൻസിപി നേതാവ് പി സി ചാക്കോ തുടങ്ങിയവർ ആശുപത്രിയിലെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us