തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറും തെറ്റ് ചെയ്തിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിന്നെ എന്തുകൊണ്ടാണ് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കാത്തതെന്ന് വി മുരളീധരന്‍. മാധ്യമങ്ങളല്ല കേരളത്തിന്റെ പ്രതിച്ഛായ തകര്‍ത്തത്. ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആണെന്നും വി മുരളീധരന്‍ പറഞ്ഞു.
'അന്‍വര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകണം. മുഖ്യമന്ത്രിയെയും കുടുംബത്തെയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കഴിയുന്ന വിവരങ്ങള്‍ എഡിജിപിയുടെ കൈയ്യില്‍ ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു. എജിഡിപി ആര്‍എസ്എസ് ഭാരവാഹികളെ കണ്ടിട്ടുണ്ടെങ്കില്‍ അതിന്റെ മറുപടി പറയേണ്ടത് ആര്‍എസ്എസ് നേതൃത്വമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിക്ക് ക്ലീന്‍ചീറ്റ് നല്‍കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് അന്‍വറിന്റെ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലോ ഫോണ്‍ ചോര്‍ത്തിയെന്ന അവകാശവാദത്തോടെ യുഡിഎഫ് പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള താല്‍പര്യമാണ് യുഡിഎഫിന്. രാഹുല്‍ ഗാന്ധിയും പിണറായി വിജയനും തമ്മില്‍ ധാരണയുണ്ട്. കേരളം ഞങ്ങള്‍ ഭരിക്കും ഡല്‍ഹിയിലേക്ക് നിങ്ങളെ പറഞ്ഞുവിടാം എന്നാണ് ധാരണയെന്നും വി മുരളീധരന്‍ ആരോപിച്ചു.