മുംബൈ: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എന്‍സിപിയിലെ തര്‍ക്കത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പിന്തുണയ്ക്കുന്നത് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് വിഭാഗത്തെയെന്ന് സൂചന. അതേസമയം കേരളത്തില്‍ ഇടതുമുന്നണിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് നിര്‍ണായകമായതിനാല്‍ മന്ത്രിസ്ഥാനം വച്ചുമാറല്‍ നീണ്ടേക്കും. എന്‍ഡിഎയുടെ സഖ്യകക്ഷിയായ എന്‍സിപി വിമത വിഭാഗത്തിന്റെ നേതാവ് പ്രഫുല്‍ പട്ടേലുമായി തോമസ് കെ തോമസിന് അടുപ്പമുണ്ടെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കും.
മുംബൈയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അന്തിമ തീരുമാനമെടുക്കാന്‍ പി സി ചോക്കോ, എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവര്‍ പവാറിനോട് ആവശ്യപ്പെട്ടു. മന്ത്രിമാറ്റത്തില്‍ മുന്നണിക്കും മുഖ്യമന്ത്രിക്കും വിമുഖതയുണ്ടെന്ന് ശശീന്ദ്രന്‍ പവാറിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം തീരുമാനം അറിയിക്കാന്‍ പവാര്‍ നിര്‍ദേശിച്ചു. മുംബൈയിലെ കൂടിക്കാഴ്ചയില്‍ മന്ത്രി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും അന്തിമ തീരുമാനം പ്രസിഡന്റ് എടുക്കുമെന്നുമായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം.
എല്ലാ വശവും ആലോചിച്ചേ പ്രസിഡന്റ് തീരുമാനം എടുക്കൂ. തീരുമാനം വരും വരെ ആരും മാറുന്നുമില്ല, ആരും ചേരുന്നുമില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എന്‍സിപിയിലെ പടലപ്പിണക്കങ്ങള്‍ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രന്‍ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാല്‍ അങ്ങനെയൊരു ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് എ കെ ശശീന്ദ്രന്‍ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രന്റെ നേരത്തേയുള്ള നിലപാട്.