മുഖ്യമന്ത്രിയെ പൂർണ വിശ്വാസം; നിവേദനം ഗൗരവത്തിലെടുത്തു, കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്ന് സുനിൽ കുമാർ

24ാം തീയ്യതിയിലെ റിപ്പോര്‍ട്ട് വരട്ടെയെന്നും സുനില്‍ കുമാര്‍ പറഞ്ഞു

dot image

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ കൊടുത്ത നിവേദനം മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍ കുമാര്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം മുഖ്യമന്ത്രി കൊടുത്തു എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹത്തിന്റെ വാക്കില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. നീണ്ടുപോയി എന്നുള്ള കാര്യത്തില്‍ ഇപ്പോള്‍ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി തീയ്യതി പറഞ്ഞതിന് പിന്നാലെ മറ്റൊരു വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ പൂരം അന്വേഷണത്തില്‍ 24ാം തീയ്യതി റിപ്പോര്‍ട്ട് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു സുനില്‍ കുമാര്‍.

'24ാം തീയതിയിലെ റിപ്പോര്‍ട്ട് വരട്ടെ. കൂടുതല്‍ വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കേണ്ട കാര്യമില്ല. നേരം വൈകി എന്നുള്ളത് മുന്‍പേ ചര്‍ച്ച ചെയ്ത കാര്യമാണ്. 24ാം തീയതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ആ വാക്കിനെ വിശ്വസിക്കുകയേ വഴിയുള്ളൂ. മുഖ്യമന്ത്രി പറയുന്നതാണല്ലോ നമ്മള്‍ വിശ്വസിക്കേണ്ടത്. 24 നു മുമ്പ് റിപ്പോര്‍ട്ട് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയാല്‍ അതിനെ വിശ്വസിക്കാനേ പറ്റുകയുള്ളു. മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞ ഈ കാര്യം മുഖവിലക്കെടുക്കുക എന്നുള്ളതാണ് ഏറ്റവും പക്വമായ നിലപാട്,' അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങളില്‍ മറുപടി പറയാന്‍ ബാധ്യസ്ഥനായ നേതാവല്ല താനെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കല്‍ വിവാദത്തില്‍ പരിശോധനകള്‍ നടക്കുകയാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ല. അത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. അതുകൊണ്ടാണ് ഡിവൈഎസ്പി സന്തോഷിനെതിരെ നടപടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഈ മാസം 24നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂരം കലക്കല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്.

dot image
To advertise here,contact us
dot image