തൃശൂര്‍: പൂരം കലക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരെ കസേരയില്‍ ഇരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന്
കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രാമസേതുവാണ് എഡിജിപിയെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതാപന്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോര്‍ട്ട് അഞ്ചു മാസം വൈകിയതിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. വിഎസ് സുനില്‍കുമാറും സിപിഐയും മുഖ്യമന്ത്രിക്ക് മുമ്പില്‍ മുട്ടില്‍ ഇഴയുകയാണ്.
അന്വേഷണം നടന്നു എന്ന് പറയുന്നത് വ്യാജമാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
പൂരം കലക്കല്‍ വിവാദത്തില്‍ പരിശോധന നടക്കുന്നുണ്ടെന്നും പുറത്തുവന്ന വിവരാവകാശ മറുപടി
വസ്തുത അനുസരിച്ചല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചതിന് പിന്നാലെയാണ് ടി എന്‍ പ്രതാപന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനം ഉന്നയിച്ചിരുന്നു.
തൃശൂര്‍ പൂരം കലക്കിയ കേസില്‍ മുഖ്യമന്ത്രി ഒളിച്ചു കളിച്ചുവെന്നാണ് വി ഡി സതീശന്‍ വിമര്‍ശിച്ചത്. പൂരം കലക്കലില്‍ ഏപ്രില്‍ 21നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. തൃശൂര്‍ പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.