തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ, മുൻ എസ് പി സുജിത് ദാസ് എന്നിവർക്കെതിരായുള്ള വിജിലൻസ് അന്വേഷണം ഉടനാരംഭിക്കും. ആദ്യ ഘട്ടത്തിൽ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് നടത്തുക. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.
വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ് പി ജോൺ കുട്ടിയാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ പി വി അൻവ്വർ എം എൽ എ യുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. അതേസമയം, അന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് ഒഴിവാക്കുകയോ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയോ ചെയ്യുമെന്നാണ് സൂചന.
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. അന്വേഷണ സംഘത്തില്‍ എഡിജിപിയേക്കാള്‍ ഉയര്‍ന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ്, മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം സെപ്റ്റംബർ 19നാണ് ഡിജിപിയുടെ ശുപാര്‍ശയില്‍ ആഭ്യന്തര വകുപ്പ് എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്.