'അൻവറിന്റെ നിലപാട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നു, യോജിക്കാനാവില്ല'; പ്രതികരിച്ച് എ വിജയരാഘവൻ

സർക്കാരിനെ ദുർബലപ്പെടുത്താൻ സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ലെന്ന് എ വിജയരാഘവൻ

dot image

തൃശൂർ: സംസ്ഥാന സർക്കാരിനെയും സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി പരാതികളുന്നയിച്ച പി വി അൻവറിനെ തള്ളി സിപിഐഎം രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അം​ഗം എ വിജയരാഘവൻ. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സർക്കാർ സ്വീകരിച്ചു. മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞതോടെ വ്യക്തതയുണ്ടായി. സർക്കാർ വ്യവസ്ഥാപിതമായ രീതിയിലാണ് നിലപാട് സ്വീകരിച്ചത്. അതിനുശേഷവും അൻവർ പ്രതികരണങ്ങളുമായി മുന്നോട്ടുപോയി. അൻവറിന്റേത് ശരിയായ നിലപാടല്ലെന്നും വിജയരാഘവൻ പറഞ്ഞു.

സർക്കാരിനെ ദുർബലപ്പെടുത്താൻ സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. അൻവർ അടുത്ത ദിവസങ്ങളിൽ നടത്തിയ പ്രസ്താവനകൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാനുള്ള വകയായി. ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ നടത്തിയ പ്രസ്താവനകൾ ഇടതുപക്ഷത്തിന്റെ പൊതു മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്നതാണ്. അൻവർ ഇപ്പോൾ സ്വീകരിച്ച നിലപാട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നതാണ്. അതിനോട് യോജിക്കാനാവില്ല. അൻവർ മാറ്റത്തിന് വിധേയമായി സമീപനം സ്വീകരിക്കണം. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ പാർട്ടിയുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാറില്ല. കേരളത്തിലെ മാധ്യമപ്രവർത്തനത്തിൽ ഹൃദയശൂന്യതയാണെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപിക്കെതിരെ നടപടി വേണമെന്ന സിപിഐ ആവശ്യത്തിലും വിജയരാഘവൻ പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ കരുത്തുള്ള പാർട്ടിയാണ് സിപിഐ. സിപിഐയും സിപിഐഎം വളരെ അടുത്ത് പ്രവർത്തിക്കുന്ന പാർട്ടികളാണ്. എൽഡിഎഫ് സ്വീകരിക്കുന്ന പൊതു നിലപാടുകൾ എൽഡിഎഫിൽ ചർച്ച ചെയ്യും. ആ നിലപാടുകളിലൊന്നും പ്രത്യക്ഷത്തിൽ വൈരുദ്ധ്യം കേരളത്തിൽ ഇല്ലെന്നും വിജയരാഘവൻ പറഞ്ഞു.

എഡിജിപി എം ആ‌ർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ അൻവറിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ കഴി‍ഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ലെന്നും അന്‍വര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്നുമായിരുന്നു ആരോപണങ്ങളോടുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചത്.

പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കില്‍ അന്‍വര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അങ്ങനെയാണ് ചെയ്യുക. മുഖ്യമന്ത്രി എന്ന നിലയിലല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നത്.

സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വര്‍. അതുകൊണ്ടാണല്ലോ ഇടതുപക്ഷ എംഎല്‍എ എന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയാണ് നിയോഗിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നു. അന്‍വറിന് അങ്ങനെയൊരു പരാതിയുണ്ടായിരുന്നെങ്കില്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. അതിന് ശേഷം മാത്രം പരസ്യനിലപാടിലേക്ക് പോകണമായിരുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us